തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. ജോസഫ് വാഴയ്ക്കനെ പ്രസിഡന്റ് ആക്കണമെന്നും ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. നേരത്തെ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും വി.ഡി. സതീശന് ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞിരുന്നെങ്കിലും വകുപ്പ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നീക്കം വ്യക്തമാക്കുന്നത്.
മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതെല്ലാം മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്നാല്‍ നന്ദികേട് കാണിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്കാന് തയ്യാറായില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തി നിലനില്‍ക്കെ തന്നെ, ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുന്നത് പാര്‍ട്ടിയിലെ തന്റെ കരുത്ത് തെളിയിക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുമെന്ന് കെ. സുധാകരന് വ്യക്തമാക്കി. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് പകരം ചെന്നിത്തലയ്ക്ക് നല്‍കണോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കെ.സി. വേണുഗോപാല്‍ പക്ഷത്തിന് എത്ര മന്ത്രിമാരുണ്ടാകുമെന്ന ചോദ്യത്തിന്, തനിക്കറിയില്ലെന്നും എണ്ണി നോക്കേണ്ടി വരുമെന്നും സുധാകരന് പരിഹാസരൂപേണ പ്രതികരിച്ചു. രമേശ് ചെന്നിത്തലയെ നേരിട്ട് കാണുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു. ചെന്നിത്തല തന്റെ നേതാവാണെന്നും അദ്ദേഹത്തെ കൂട്ടുപിടിച്ചു മാത്രമേ മുന്നോട്ട് പോകൂ എന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
