തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മികച്ചൊരു ടീമായിരിക്കും മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നും വി.ഡി. സതീശന്‍ ഉറപ്പുനല്‍കി. ടീമില്‍ രമേശ് ചെന്നിത്തലയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും താന്‍ നേരിട്ട് ചെന്നിത്തലയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രീതിയെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. രാഷ്ട്രീയപരമായ വിദ്വേഷ പ്രചാരണങ്ങളോട് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രചാരണത്തോട് കോംപ്രമൈസ് ഇല്ല. കേരളത്തെ ഭിന്നിപ്പിക്കാന്‍ സമ്മതിക്കില്ല. സമുദായ നേതാക്കള്‍ ഇത് പറയരുത്. എന്നെ വ്യക്തിപരമായി പറഞ്ഞാല്‍ കുഴപ്പമില്ല. ചാപ്പയടി രാഷ്ട്രീയത്തോട് നോ കോംപ്രമൈസ്. തിരഞ്ഞെടുപ്പ് കാലത്ത് കോംപ്രമൈസ് ചെയ്തിട്ടില്ല പിന്നെയല്ലേ ഇപ്പോള്‍. വിദ്വേഷ പ്രചാരണം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ വില വര്‍ധനയില്‍ ജനത്തിനുള്ള ആഘാതം കുറയ്ക്കാന്‍ ശ്രമം നടത്തും. വിലവര്‍ധനവില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിന്‍വലിക്കുന്നത് പരിഗണിക്കുന്നത്. 2011 ല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിന്‍വലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
