ന്യൂഡൽഹി∙ ബിജെപിയുടെ ആധിപത്യം 20 വർഷം കൂടി രാജ്യത്ത് തുടരുമെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവിയും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ പ്രദീപ് ഗുപ്ത. ബിജെപിയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന കാലത്തോളം അവർ വിജയിച്ചുകൊണ്ടിരിക്കുകയും പ്രതിപക്ഷം ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും പ്രദീപ് ഗുപ്ത വിലയിരുത്തി. ഭരണ മുന്നണിയുടെയും പ്രതിപക്ഷത്തിന്റെയും ഭാവി നിലവിലെ സർക്കാരിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. അതിഗംഭീരമായി എൻഡിഎയ്ക്കും ബിജെപിക്കും ഇനി പ്രവർത്തിക്കേണ്ടി വരുമെന്നും പ്രദീപ് ഗുപ്ത വിശദീകരിച്ചു.

‘‘1977 വരെ കോൺഗ്രസ് തുടർച്ചയായി ഭരണം നടത്തിയെങ്കിലും പിന്നീട് അവർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു തുടങ്ങി. ഏകദേശം 20 വർഷം നീണ്ടുനിൽക്കുന്ന ഒരു രാഷ്ട്രീയ തലമുറയെക്കുറിച്ചാണ് ഞങ്ങൾ അന്നൊക്കെ സംസാരിച്ചിരുന്നത്. ആ 20 വർഷത്തെ ചക്രം ഇപ്പോഴും നിലനിൽക്കും’’– പ്രദീപ് ഗുപ്ത പറഞ്ഞു. പാരമ്പര്യ പ്രശ്നങ്ങളാണ് കോൺഗ്രസ് പ്രധാനമായി നേരിട്ടതെന്നും അതുകൊണ്ട് തന്നെ പാർട്ടിക്ക് രാഷ്ട്രീയമായി തിരിച്ചുവരവ് നടത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നും ഗുപ്ത പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതായിട്ട് 2029ൽ ഏകദേശം 15 വർഷത്തോളം ആവും. ഇനിയും ജനങ്ങളെ വിശ്വസിപ്പിക്കാൻ കോൺഗ്രസിന് അഞ്ചുവർഷം കൂടി വേണ്ടിവരുമെന്നും ഗുപ്ത പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
