ഓട്ടവ: ദേശീയ ദന്തചികിത്സാ പദ്ധതിയായ കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിന്റെ (CDCP) ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് നിലവിലെ ഗുണഭോക്താക്കള്‍ ജൂണ്‍ ഒന്നിനകം അപേക്ഷകള്‍ പുതുക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ‘റീ-അറ്റസ്റ്റേഷന്‍’ (യോഗ്യത പുനഃസാക്ഷ്യപ്പെടുത്തല്‍) നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ഹെല്‍ത്ത് കാനഡയുടെ ഈ അടിയന്തര അറിയിപ്പ്. പ്രഖ്യാപിത സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ജൂണ്‍ 30-ഓടെ റദ്ദാക്കപ്പെടും.
ജൂണ്‍ ഒന്നിന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തീരുമാനമുണ്ടാകാന്‍ കാലതാമസമെടുക്കും. ഈ ഇടവേളയില്‍ നടത്തുന്ന ദന്തചികിത്സാ ചെലവുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കില്ലെന്നും ആ തുക ഗുണഭോക്താക്കള്‍ സ്വന്തമായി വഹിക്കേണ്ടി വരുമെന്നും ഹെല്‍ത്ത് കാനഡ അധികൃതര്‍ വ്യക്തമാക്കി. പദ്ധതി പുതുക്കുന്നതിനായി ഗുണഭോക്താക്കള്‍ തങ്ങളുടെ 2025-ലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണമെന്നും കാനഡ റവന്യൂ ഏജന്‍സിയുടെ നോട്ടീസ് ഓഫ് അസസ്മെന്റ് കൈപ്പറ്റിയിരിക്കണമെന്നും നിബന്ധനയുണ്ട്. കൂടാതെ, കുടുംബത്തിന്റെ വാര്‍ഷിക അറ്റവരുമാനം 90,000 ഡോളറില്‍ താഴെയാണെന്നും മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ലഭ്യമല്ലെന്നും ഗുണഭോക്താക്കള്‍ വീണ്ടും സാക്ഷ്യപ്പെടുത്തണം.

‘മൈ സര്‍വീസ് കാനഡ അക്കൗണ്ട്’ (MSCA) ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ ടോള്‍ ഫ്രീ ടെലിഫോണ്‍ സംവിധാനം വഴിയോ ഗുണഭോക്താക്കള്‍ക്ക് ലളിതമായി അപേക്ഷകള്‍ പുതുക്കാം. നിലവിലെ കവറേജില്‍ വിടവ് ഉണ്ടാകുന്നത് ഒഴിവാക്കാനും ആനുകൂല്യങ്ങള്‍ സുഗമമായി തുടരാനും അര്‍ഹരായ മുഴുവന്‍ കനേഡിയന്‍ പൗരന്മാരും നിശ്ചിത സമയത്തിനകം തന്നെ റീ-അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
