റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം (Gross FDI) റെക്കോര്‍ഡ് ഉയരത്തിലെത്തി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 94.5 ബില്യണ്‍ ഡോളറാണ് ഈ കാലയളവില്‍ രാജ്യത്ത് എത്തിയത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലുള്ള കടുത്ത താല്പര്യം തുടരുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ വര്‍ധനയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആകെ വിദേശ നിക്ഷേപം 90 അല്ലെങ്കില്‍ 95 ബില്യണ്‍ ഡോളറിലെത്തുമെന്ന് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ (സിഇഎ) അനന്ത നാഗേശ്വരന്‍ നേരത്തെ പ്രവചിച്ചിരുന്നു. നിക്ഷേപകര്‍ ഇന്ത്യയെ ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമായി തന്നെയാണ് കാണുന്നതെന്നതിന്റെ പ്രധാന സൂചനയാണിതെന്നും വരും വര്‍ഷത്തിലും ഈ മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വലിയ വര്‍ധനവുണ്ടായെങ്കിലും, വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതും (ലാഭമെടുപ്പ്) ഇതേ കാലയളവില്‍ റെക്കോര്‍ഡിട്ടു. വിദേശ നിക്ഷേപകരുടെ ലാഭമെടുപ്പും നിക്ഷേപം പിന്‍വലിക്കലും 2026 സാമ്പത്തിക വര്‍ഷത്തില്‍ 53.58 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് രാജ്യത്തേക്ക് എത്തിയ ആകെ നിക്ഷേപത്തിന്റെ 56 ശതമാനത്തോളം വരും. ഇതിനുപുറമെ ഇന്ത്യന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയ നിക്ഷേപം 33.29 ബില്യണ്‍ ഡോളറാണ്. ഈ രണ്ട് ഒഴുക്കുകളും ക്രമീകരിച്ച ശേഷമുള്ള ഇന്ത്യയുടെ യഥാര്‍ത്ഥ അറ്റ വിദേശ നിക്ഷേപം (Net FDI) 7.65 ബില്യണ്‍ ഡോളറാണ്. ഇത് ആകെ ലഭിച്ച നിക്ഷേപത്തിന്റെ 8 ശതമാനം മാത്രമാണെങ്കിലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രാജ്യം വലിയ രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ വിദേശ നിക്ഷേപം ഒരു ബില്യണ്‍ ഡോളറിലും താഴെയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി 70 മുതല്‍ 80 ബില്യണ്‍ ഡോളര്‍ എന്ന പരിധിയിലായിരുന്ന ആകെ നിക്ഷേപമാണ് ഇപ്പോള്‍ ഈ വന്‍ റെക്കോര്‍ഡ് ഭേദിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ കരുത്തും ഐപിഒ (IPO) വിപണിയിലെ സജീവതയുമാണ് നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ലാഭമെടുക്കാന്‍ അവസരമൊരുക്കിയതെന്ന് അനന്ത നാഗേശ്വരന്‍ വിശദീകരിച്ചു. മറ്റ് ആഗോള വിപണികളില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍, പല സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും ഇന്ത്യയില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിച്ച് വലിയ ലാഭമുണ്ടാക്കുകയാണ് ചെയ്തത്. വിദേശ നിക്ഷേപകരുടെ പണം പിന്‍വലിക്കലും ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപവും കാരണം കഴിഞ്ഞ 3-4 വര്‍ഷങ്ങളായി അറ്റ വിദേശ നിക്ഷേപത്തില്‍ തുടര്‍ച്ചയായ കുറവുണ്ടായിരുന്നു. 2023-ല്‍ 71.35 ബില്യണ്‍ ഡോളര്‍ ആകെ നിക്ഷേപം ലഭിച്ചപ്പോള്‍ 27.98 ബില്യണ്‍ ഡോളര്‍ രാജ്യത്ത് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ 2024-ല്‍ അറ്റ നിക്ഷേപം 10.58 ബില്യണ്‍ ഡോളറായും, 2025-ല്‍ അത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ ഒരു ബില്യണ്‍ ഡോളറിന് താഴെയായും ചുരുങ്ങി. ഈ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ റെക്കോര്‍ഡ് നേട്ടവും അറ്റ നിക്ഷേപത്തിലെ തിരിച്ചുവരവും രാജ്യത്തിന് വലിയ ആശ്വാസമാകുന്നത്.
