കോഴിക്കോട്: കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് മരിച്ചത്. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയായ ഭാര്യ സോന മെയ് 15നാണ് മരിച്ചത്. സോന കാർ കത്തിച്ചെന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മിൽ വിവാഹജീവിതത്തിൽ തർക്കങ്ങളുണ്ടായിരുന്നു. ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ കാണിച്ച് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂരിൽ നിന്നു കക്കറമുക്ക് റോഡിൽ എടോളിത്താഴെ എത്തിയപ്പോൾ പെട്ടെന്നു കാർ കത്തുകയായിരുന്നു.

ഈ സമയത്ത് സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
