Monday, May 25, 2026

കാനഡക്കാരെ ഉപദ്രവിച്ചു; ഇസ്രയേലിന്റെ നടപടി വിയന്ന കരാറിന്റെ ലംഘനമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്

ഓട്ടവ: ഇസ്രയേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്ന് ഗാസയിലേക്ക് പ്രതീകാത്മകമായി സഹായ സാമഗ്രികൾ എത്തിക്കാൻ ശ്രമിച്ച കപ്പൽ വ്യൂഹം തടഞ്ഞുവെച്ച സംഭവത്തിൽ, കനേഡിയൻ പൗരന്മാർക്ക് നേരെ നടന്ന അതിക്രമം വിയന്ന കൺവെൻഷൻ കരാറിന്റെ ലംഘനമാണെന്ന് കാനഡ. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് കടുത്ത വിയോജിപ്പും പ്രതിഷേധവും അറിയിച്ചത്. കഴിഞ്ഞ മേയ് 18, 19 തീയതികളിലാണ് 41 ബോട്ടുകളിലായി എത്തിയ 420 മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രയേൽ സൈന്യം തടഞ്ഞുവെച്ചത്. ഇതിൽ 12 പേർ കനേഡിയൻ പൗരന്മാരായിരുന്നു. കപ്പലിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഇസ്രയേൽ തടവിലാക്കുകയും മോശമായി കൈകാര്യം ചെയ്യുകയും ചെയ്തതായി തുർക്കിയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ വഴി വിവരം ലഭിച്ചതായി കഴിഞ്ഞ ആഴ്ച അനിത ആനന്ദ് വ്യക്തമാക്കിയിരുന്നു.

തടവിലാക്കപ്പെട്ട കനേഡിയൻ പൗരന്മാർക്ക് തങ്ങളുടെ രാജ്യത്തിന്റെ നയതന്ത്ര സഹായം തേടാനുള്ള അവകാശം ഇസ്രയേൽ നിഷേധിച്ചുവെന്നും, ഇത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും മന്ത്രി ഫോൺ ചർച്ചയിൽ കർശനമായി ആവശ്യപ്പെട്ടു. പൗരന്മാർ നേരിട്ട അതിക്രമങ്ങളുടെ തെളിവുകൾ കാനഡ ഇസ്രയേൽ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും, സംഭവത്തിൽ നിഷ്പക്ഷമായ ഒരു അന്വേഷണം രാജ്യം പ്രതീക്ഷിക്കുന്നതായും അവർ എക്സ്ഫോമിൽ കുറിച്ചു.അതേസമയം, കപ്പൽ വ്യൂഹത്തിൽ പങ്കെടുത്തവർ ഹമാസിനെ സഹായിക്കുന്ന ഇസ്രയേൽ വിരുദ്ധ തീവ്രവാദികളാണെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ ആരോപിച്ചത്. തങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!