തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനത്ത് ഉണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. പാളയത്ത് തിങ്കളാഴ്ച രാത്രിയോടെയാണ് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ കനത്ത സംഘര്‍ഷമുണ്ടായത്. സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ വോട്ടെണ്ണലിനിടെ ആരംഭിച്ച വാക്കുതര്‍ക്കമാണ് പിന്നീട് തെരുവിലേക്ക് പടര്‍ന്നതും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതും.
ആഹ്ലാദ പ്രകടനവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയും കോണ്‍ഗ്രസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ക്രമസമാധാന നില തകര്‍ന്നതോടെ പൊലീസ് രണ്ടുതവണ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് ലാത്തിവീശിയിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവര്‍ത്തകരെ ഒടുവില്‍ സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചു മാറ്റിയത്.

സംഘര്‍ഷത്തില്‍ മണ്ണന്തല സ്റ്റേഷന്‍ സിഐയുടെ കൈയൊടിയുന്നത് ഉള്‍പ്പെടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. പരുക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു. അതേസമയം, പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്യു പ്രവര്‍ത്തകരുടെ അക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്നും എ എ റഹീം ആരോപിച്ചപ്പോള്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം ആക്രമിച്ചതായി പൊലീസും വ്യക്തമാക്കി.
കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 37-ല്‍ 35 സീറ്റുകളും നേടിയാണ് എസ്എഫ്‌ഐ വന്‍ വിജയം കൈവരിച്ചത്. ശിവ എസ് ആണ് പുതിയ യൂണിയന്‍ ചെയര്‍മാന്‍. രക്തസാക്ഷി ധീരജിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനം. ഒരു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമടക്കം രണ്ട് സീറ്റുകളിലാണ് കെഎസ്യു വിജയിച്ചത്. ഈ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിലും കെഎസ്യു അക്രമത്തിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
