Tuesday, May 26, 2026

മുൻ ഗവർണർ ജനറൽമാരുടെ കൂടിയ ചെലവ്; സുതാര്യത ഉറപ്പാക്കാൻ കാനഡ സർക്കാർ ക‌ടുത്ത നടപടിയിലേക്ക്

ഓട്ടവ: കാനഡയിലെ മുൻ ഗവർണർ ജനറൽമാർക്കായി ദശാബ്ദങ്ങളായി തുടരുന്ന രഹസ്യ സ്വഭാവമുള്ള ചെലവ് പദ്ധതി കൂടുതൽ സുതാര്യമാക്കാനുള്ള നടപടികൾ ആരംഭിച്ച് ഫെഡറൽ സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അര ദശലക്ഷത്തിലധികം ഡോളർ നികുതിപ്പണം ചെലവിട്ട ഈ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഗവർണർ ജനറലിന്റെ ഔദ്യോഗിക വസതിയായ റിഡോ ഹാൾ, പ്രിവി കൗൺസിൽ ഓഫീസ് എന്നിവയുമായി ചേർന്ന് പദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആലോചിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. 1979-ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം വിരമിച്ച ഗവർണർ ജനറൽമാർക്ക് തങ്ങളുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ജീവിതകാലം മുഴുവൻ സാമ്പത്തിക സഹായം കൈപ്പറ്റാം. നിലവിൽ കാനഡയിലുള്ള അഞ്ച് മുൻ ഗവർണർ ജനറൽമാർക്ക് തങ്ങളുടെ പെൻഷന് പുറമെ പ്രതിവർഷം 206,040 ഡോളർ വരെ ഇത്തരത്തിൽ ക്ലെയിം ചെയ്യാം. ഓഫീസ് വാടക, ഫർണിച്ചറുകൾ, ജീവനക്കാരുടെ ശമ്പളം, മുൻ ഭരണാധികാരികൾക്കും അവരുടെ പങ്കാളികൾക്കുമുള്ള യാത്രാച്ചെലവുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. എന്നാൽ ഈ തുക കൃത്യമായി എന്തിനാണ് ചെലവഴിച്ചതെന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ റിഡോ ഹാൾ ഇതുവരെ തയ്യാറായിട്ടില്ല. പദ്ധതിയുടെ ഈ രഹസ്യ സ്വഭാവമാണ് വർഷങ്ങളായി കടുത്ത വിമർശനങ്ങൾക്ക് കാരണമാകുന്നത്.

മുൻ ഗവർണർ ജനറൽ അഡ്രിയാൻ ക്ലാർക്സൺ വിരമിച്ച ശേഷം 1.1 മില്യൺ ഡോളറിലധികം ക്ലെയിം ചെയ്തതായി 2018-ൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. തുടർന്ന് അന്നത്തെ പ്രധാ നമന്ത്രി ജസ്റ്റിൻ ട്രൂഡോ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. എം.പിമാരുടെ യാത്രാച്ചെലവുകൾ പരസ്യപ്പെടുത്തുന്നത് പോലെ ഈ വിവരങ്ങളും വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് 2019-ൽ സമിതി അന്ന്‌ ശുപാർശ ചെയ്തെങ്കിലും ട്രൂഡോ സർക്കാർ അത് നടപ്പിലാക്കിയില്ല. പിന്നീട് 2021-ൽ, ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് രാജി വെക്കേണ്ടി വന്ന ജൂലി പായറ്റിനും ഈ ആനു കൂല്യം ലഭിച്ചതോടെ പദ്ധതി വീണ്ടും വിവാദത്തിലായി. അന്ന് ഡെപ്യൂട്ടി പ്രധാന മന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് ഇക്കാര്യം പുനഃപരിശോധിക്കാമെന്ന്‌ ഉറപ്പ് നൽകി യെങ്കിലും അഞ്ചു വർഷമായിട്ടും മാറ്റങ്ങളൊന്നും ഉണ്ടായില്ല. മുൻ ഗവർണർ ജനറൽമാർ വിരമിച്ച ശേഷവും രാജ്യത്തിനായി മികച്ച സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾ നടത്തു ന്നുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാണിച്ചെങ്കിലും, പൊതു ജനങ്ങളുടെ പണം ചെലവഴിക്കുന്നതിൽ കൃത്യമായ സുതാര്യതയും സമയപരിധിയും ആവശ്യമാണെന്ന നിലപാടിലാണ് നിലവിൽ ഓട്ടവ ഭരണകൂടം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!