ഭുവനേശ്വർ: ഒഡിഷയിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിനുള്ളിലെ രക്ഷാപ്രവർത്തനത്തിനിടെ ആറ് പേർ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് നിർമ്മാണ തൊഴിലാളികളായ അദൽ മാഝി, മനോരഞ്ജൻ ഹാതി, ഛന്ദ ജൽ, ബിപുൽ ജൽ, നിമായ് പാൽ മകൻ ആകാശ് പാൽ എന്നിവർ. നിമായ് പാലിന്റെ വീട്ടിലാണ് ടാങ്ക് നിർമ്മാണം നടന്നിരുന്നത്. അപകടത്തിൽപ്പെട്ട പങ്കജ് യാനി ആശുപത്രിയിൽ ചികിത്സയിലാണ്.

കലഹണ്ടി ജില്ലയിലെ ഗൗഡ കാർലഖുന്ത ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സെപ്റ്റിക് ടാങ്കിന്റെ നിർമ്മാണത്തിനിടെ ഒരാൾ അബദ്ധത്തിൽ ടാങ്കിനുള്ളിൽ വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് അഞ്ച് പേരും ടാങ്കിലേക്ക് ഇറങ്ങിയതും അപകടത്തിൽപ്പെട്ടതും. ആറു പേരും ശ്വാസംമുട്ടിയാണ് മരിച്ചത്. സുരക്ഷാ ഉപകരണങ്ങളില്ലാതെ പ്രവർത്തിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ ചരൺ മാഝി 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
