Wednesday, May 27, 2026

എഡ്മിന്റണ്‍ പബ്ലിക് സ്‌കൂളുകളില്‍ സെക്ലൂഷന്‍ റൂമുകളുടെ ഉപയോഗം കുറയുന്നു: ഇപിഎസ്ബി റിപ്പോര്‍ട്ട്

എഡ്മിന്റണ്‍: എഡ്മിന്റണ്‍ പബ്ലിക് സ്‌കൂള്‍ ബോര്‍ഡിന്റെ (EPSB) കീഴിലുള്ള വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുന്ന പ്രത്യേക മുറികളുടെ (Seclusion Rooms) ഉപയോഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഈ സമ്പ്രദായം സ്‌കൂളുകളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുന്നതിലേക്ക് ബോര്‍ഡ് കൂടുതല്‍ അടുക്കുന്നു എന്ന പ്രതീക്ഷയിലാണ് ഇതോടെ കാനഡയിലെ കമ്മ്യൂണിറ്റി-സാമൂഹിക പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, 2025 സെപ്റ്റംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 272 തവണ മാത്രമാണ് ഇത്തരം മുറികള്‍ ഉപയോഗിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കണക്കുകള്‍ വളരെ ഉയര്‍ന്നതായിരുന്നു. 2024-25 അധ്യയന വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 379 തവണയും, 2021-22 മുതല്‍ 2023-24 വരെയുള്ള വര്‍ഷങ്ങളില്‍ ആയിരത്തിലധികം തവണയും സെക്ലൂഷന്‍ റൂമുകള്‍ ഉപയോഗിച്ചിരുന്നു. നിലവില്‍ മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 24 സ്‌കൂളുകളിലായി 46 സെക്ലൂഷന്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്‌കൂളുകളില്‍ ഈ മുറികളുടെ ആവശ്യം കുറഞ്ഞുവരുന്നതില്‍ സന്തോഷമുണ്ടെന്ന് എഡ്മിന്റണ്‍ പബ്ലിക് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ സാദിഖ് സുമാര്‍ പറഞ്ഞു. മുന്‍കൂട്ടിയുള്ള പ്രതിരോധ നടപടികളും ജീവനക്കാര്‍ക്ക് നല്‍കിയ പ്രത്യേക പരിശീലനവുമാണ് ഈ കുറവിന് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഈ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ആവശ്യം. സെക്ലൂഷന്‍ റൂമുകള്‍ ഒഴിവാക്കുന്നതിനൊപ്പം സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായി നിയന്ത്രിക്കുന്ന (Physical Restraint) രീതിയും അവസാനിപ്പിക്കണമെന്ന് ഇന്‍ക്ലൂഷന്‍ അല്‍ബെര്‍ട്ടയുടെ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് ഡയറക്ടര്‍ ഫിലിപ്പ് നെയ് ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ കുട്ടികളെ ബലം പ്രയോഗിച്ച് നിയന്ത്രിക്കുന്നത് അവര്‍ക്ക് മാനസികമായി ദോഷം ചെയ്യുമെന്നും, അതിനാല്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 374 തവണയാണ് സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായി നിയന്ത്രിക്കേണ്ടി വന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ കുട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ ശാരീരികമായ പരിക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍ മാത്രമേ ഇത്തരം മുറികള്‍ ഉപയോഗിക്കാവൂ എന്ന നിലപാടിലാണ് അല്‍ബെര്‍ട്ട വിദ്യാഭ്യാസ മന്ത്രാലയം. പ്രവിശ്യാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സെക്ലൂഷന്‍ റൂമുകള്‍ കൈകാര്യം ചെയ്യേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂള്‍ ബോര്‍ഡുകള്‍ക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡിമെട്രിക്‌സ് നിക്കോളൈഡ്‌സ് വ്യക്തമാക്കി. അതേസമയം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ കൂടുതല്‍ സ്പീച്ച് തെറാപ്പിസ്റ്റുകളെയും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ സെക്ലൂഷന്‍ റൂമുകള്‍ക്ക് പകരമായി കുട്ടികള്‍ക്ക് സ്വയം ശാന്തരാകാന്‍ സഹായിക്കുന്ന സെന്‍സറി അല്ലെങ്കില്‍ സെല്‍ഫ് റെഗുലേഷന്‍ റൂമുകള്‍ വ്യാപിപ്പിക്കാനാണ് സ്‌കൂള്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!