ഓട്ടവ: പ്രതിരോധ മേഖലയില്‍ യുഎസ് ആശ്രയത്വം കുറയ്ക്കാനും
കാനഡയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സ്വീഡിഷ് കമ്പനിയായ സാബ് (Saab) വികസിപ്പിച്ച അത്യാധുനിക വ്യോമ നിരീക്ഷണ സംവിധാനമായ ‘ഗ്ലോബല്‍ ഐ’ (GlobalEye) സ്വന്തമാക്കാനുള്ള ചര്‍ച്ചകളില്‍ കാനഡ പങ്കാളികളായതായി അദ്ദേഹം പ്രഖ്യാപിച്ചു. കാനഡയിലെ ഏറ്റവും വലിയ പ്രതിരോധ സുരക്ഷാ വ്യാപാര സമ്മേളനമായ ‘കാന്‍സെക്’ (CANSEC) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡിയറുടെ (Bombardier) ഗ്ലോബല്‍ 6500 ബിസിനസ്സ് ജെറ്റുകളിലാണ് ഈ അത്യാധുനിക റഡാര്‍ സംവിധാനം ഘടിപ്പിക്കുന്നത്.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഈ വിമാനങ്ങളുടെ ആകെ ഉത്പാദനത്തിന്റെ മൂന്നിലൊന്നിലധികം കാനഡയില്‍ തന്നെ നിര്‍മ്മിക്കാനുള്ള കരാറിലാണ് ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബോംബാര്‍ഡിയറിന്റെ മോണ്‍ട്രിയല്‍, ടൊറന്റോ പ്ലാന്റുകളില്‍ നിന്നായി കാനഡയ്ക്കും സഖ്യകക്ഷികള്‍ക്കുമായി 40-ലധികം വിമാനങ്ങള്‍ നിര്‍മ്മിക്കാനാകും. ഇത് കാനഡയിലെ എയറോസ്പേസ്, പ്രതിരോധ മേഖലകളില്‍ എന്‍ജിനീയറിങ് ഉള്‍പ്പെടെ മൂവായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഏകദേശം 5 ബില്യണ്‍ ഡോളറിലധികം ചെലവില്‍ 6 ഗ്ലോബല്‍ ഐ സംവിധാനങ്ങള്‍ വാങ്ങാനാണ് കനേഡിയന്‍ പ്രതിരോധ മന്ത്രാലയം താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീഷണികള്‍ കണ്ടെത്തുന്നതിനും ഗ്ലോബല്‍ ഐ വിമാനങ്ങള്‍ കാനഡയ്ക്ക് വലിയ കരുത്താകും. കാനഡയ്ക്ക് പുറമെ നാറ്റോ (NATO) സഖ്യവും തങ്ങളുടെ പഴയ ബോയിങ് E-3A വിമാനങ്ങള്‍ക്ക് പകരമായി ഗ്ലോബല്‍ ഐ തെരഞ്ഞെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും ഈ റഡാര്‍ വിമാനങ്ങള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ E-7A വെഡ്ജ്ടെയില്‍ വിമാനങ്ങള്‍ വാങ്ങാനുള്ള സാധ്യതകള്‍ കാനഡ പൂര്‍ണ്ണമായും അടച്ചു. പ്രതിരോധ കരാറുകളുടെ 70 ശതമാനവും കനേഡിയന്‍ കമ്പനികള്‍ക്ക് നല്‍കാനും, അമേരിക്കയിലേക്കുള്ള പ്രതിരോധ ഫണ്ടിന്റെ ഒഴുക്ക് തടയാനുമാണ് പുതിയ പ്രതിരോധ വ്യാവസായിക നയത്തിലൂടെ (DIS) കാര്‍ണി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളുമായി കാനഡ പ്രതിരോധ ബന്ധം ശക്തമാക്കുമ്പോള്‍ അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതായാണ് സൂചനകള്‍. യുഎസ് കാനഡ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിനായുള്ള ‘പെര്‍മനന്റ് ജോയിന്റ് ബോര്‍ഡ് ഓണ്‍ ഡിഫന്‍സ്’ അമേരിക്ക കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പുറമെ, അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് എഫ്-35 (F-35) യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പുനഃപരിശോധിക്കാനും സ്വീഡിഷ് കമ്പനിയായ സാബിന്റെ തന്നെ ഗ്രിപെന്‍ (Gripen) യുദ്ധവിമാനങ്ങളെക്കുറിച്ച് പഠിക്കാനും കാനഡ തീരുമാനിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
