തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി ആഭ്യന്തര മന്ത്രി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് നടപടി.
വീഴ്ചകൾ സംബന്ധിച്ച് വിശദീകരണം നൽകാനാണ് ഡിജിപി റവാഡ ചന്ദ്രശേഖറിനെ മന്ത്രിയുടെ വസതിയിലേക്ക് വിളിപ്പിച്ചത്. കൂടിക്കാഴ്ചയിൽ ഇന്റലിജൻസ് മേധാവി പി വിജയനും മുൻ ഡിജിപിയും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവുമായ എ ഹേമചന്ദ്രനും പങ്കെടുക്കുന്നു. ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും വിശദീകരണം തേടിയിരുന്നു.

അതേസമയം, കേസിൽ രണ്ടുപേർ കൂടി പിടിയിലായി. വട്ടിയൂർക്കാവ് സ്വദേശി അനിൽ, നേമം സ്വദേശി കിരൺ എന്നിവരാണ് പുതിയതായി അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇ ഡി വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് അന്വേഷണം തുടരുന്നത്.
