Thursday, May 28, 2026

കാനഡയ്ക്ക് തിരിച്ചടി; മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്ത്

ഓട്ടവ: യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ ‘മികച്ച രാജ്യങ്ങളുടെ’ (Best Countries Rankings) പട്ടികയില്‍ കാനഡയ്ക്ക് വന്‍ തിരിച്ചടി. മുന്‍ വര്‍ഷങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്ന കാനഡ ഇത്തവണ പത്തൊന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അയല്‍രാജ്യമായ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് (18-ാം സ്ഥാനം) ഇത്തവണ കാനഡയുടെ സ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റാങ്കിങ് മാതൃകയില്‍ വരുത്തിയ വലിയ മാറ്റങ്ങളാണ് കാനഡയ്ക്ക് തിരിച്ചടിയായത്. മുന്‍പ് ജനങ്ങളുടെ അഭിപ്രായ സര്‍വേകളെ (Perception Surveys) അടിസ്ഥാനമാക്കിയായിരുന്നു റാങ്കിങ് നിശ്ചയിച്ചിരുന്നതെങ്കില്‍, ഇത്തവണ ഐക്യരാഷ്ട്ര സംഘടന (UN), ഒഇസിഡി (OECD) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള നൂറോളം സ്ഥിതിവിവരക്കണക്കുകള്‍ (Statistical Indicators) വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. പ്രശസ്തിക്ക് പകരം രാജ്യങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിലയിരുത്തുന്ന ‘റിയാലിറ്റി’ മോഡലിലേക്ക് മാറിയതാണ് ഈ മാറ്റത്തിന് കാരണം.

വിവിധ മേഖലകളില്‍ കാനഡയുടെ പ്രകടനം താഴെ പറയുന്ന രീതിയിലാണ്:

സംസ്‌കാരവും വിനോദസഞ്ചാരവും: കാനഡ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ഈ മേഖലയിലാണ് (എട്ടാം സ്ഥാനം).

ഭരണം (Governance): കാനഡ 18-ാം സ്ഥാനത്താണ്. വീട്, ആരോഗ്യ പരിരക്ഷ, പൊതുജന വിശ്വാസം എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക വികസനവും അവസരങ്ങളും: സാമ്പത്തിക വികസനത്തില്‍ 21-ാം സ്ഥാനവും പുതിയ അവസരങ്ങളില്‍ 18-ാം സ്ഥാനവുമാണ് രാജ്യത്തിനുള്ളത്. ടൊറന്റോ, വാന്‍കൂവര്‍ തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമെ ഓട്ടവ, മോണ്‍ട്രിയല്‍, ഹാലിഫാക്‌സ് തുടങ്ങിയ ജനപ്രിയ നഗരങ്ങളിലും നിലനില്‍ക്കുന്ന ഭവന പ്രതിസന്ധിയും ജീവിതച്ചെലവും ഇതിന് കാരണമായി.

ആരോഗ്യവും ഇന്‍ഫ്രാസ്ട്രക്ചറും: ആരോഗ്യ പരിരക്ഷയില്‍ 27-ാം സ്ഥാനത്താണ് കാനഡ. സാര്‍വത്രിക ആരോഗ്യ പരിരക്ഷയിലും ശരാശരി ആയുസ്സിലും രാജ്യം മികച്ച സ്‌കോര്‍ നേടിയെങ്കിലും, ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാരുടെയും ആശുപത്രി കിടക്കകളുടെയും കുറവ് സ്‌കോര്‍ കുറച്ചു. ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തില്‍ 20-ാം സ്ഥാനത്താണ് രാജ്യം.

പരിസ്ഥിതി: പ്രകൃതി സംരക്ഷണവും പരിസ്ഥിതിയും വിലയിരുത്തിയ വിഭാഗത്തിലാണ് കാനഡ ഏറ്റവും പിന്നിലായത് (63-ാം സ്ഥാനം). വായു ഗുണനിലവാരത്തില്‍ മുന്നിലാണെങ്കിലും ജൈവവൈവിധ്യം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവയില്‍ രാജ്യം പിന്നോട്ടുപോയി.

അതേസമയം, കാനഡയേക്കാള്‍ ഒരു സ്ഥാനം മുന്നിലുള്ള അമേരിക്ക സംസ്‌കാരത്തിലും സാമ്പത്തിക വികസനത്തിലും മുന്നിലെത്തിയെങ്കിലും ആരോഗ്യം (33-ാം സ്ഥാനം), ഇന്‍ഫ്രാസ്ട്രക്ചര്‍ (39-ാം സ്ഥാനം), പരിസ്ഥിതി (72-ാം സ്ഥാനം) എന്നീ മേഖലകളില്‍ ഏറെ പിന്നിലാണ്. യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഭൂരിഭാഗവും കൈക്കലാക്കിയത്.

യൂഎസ് ന്യൂസ് പുറത്തുവിട്ട ഏറ്റവും മികച്ച ലോക രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 20 സ്ഥാനങ്ങള്‍ താഴെ പറയുന്ന പ്രകാരമാണ്:

  1. സ്വിറ്റ്‌സര്‍ലന്‍ഡ്
  2. ഡെന്മാര്‍ക്ക
  3. സ്വീഡന്‍
  4. ജര്‍മ്മനി
  5. നെതര്‍ലന്‍ഡ്സ്
  6. നോര്‍വേ
  7. യുണൈറ്റഡ് കിംഗ്ഡം (യുകെ)
  8. ഫിന്‍ലന്‍ഡ്
  9. ലക്‌സംബര്‍ഗ്
  10. ഓസ്ട്രിയ
  11. ബെല്‍ജിയം
  12. ഫ്രാന്‍സ്
  13. അയര്‍ലന്‍ഡ്
  14. ഓസ്ട്രേലിയ
  15. ഐസ്ലന്‍ഡ്
  16. സിംഗപ്പൂര്‍
  17. ജപ്പാന്‍
  18. യുണൈറ്റഡ് സ്റ്റേറ്റ്‌സ് (യുഎസ്)
  19. കാനഡ
  20. ദക്ഷിണ കൊറിയ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!