Tuesday, June 2, 2026

കെ.അണ്ണാമലൈ ബിജെപി വിട്ടേക്കും; സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. ബിജെപിയില്‍ തനിക്ക് ഇനി മികച്ചൊരു രാഷ്ട്രീയ ഭാവിയോ അവസരങ്ങളോ ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായി ഇന്ന് ഡല്‍ഹിയില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ ഔദ്യോഗികമായി പാര്‍ട്ടി വിട്ടേക്കുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒരു മാസം തികയുന്ന വേളയിലാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഈ നിര്‍ണായക നീക്കം. ആകെയുള്ള 234 സീറ്റുകളില്‍ വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് നേടാനായത്.

ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അണ്ണാമലൈ, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും ‘ദയവായി കാത്തിരിക്കൂ, രണ്ടു ദിവസത്തിനകം നമുക്ക് ഇരുന്ന് സംസാരിക്കാം’ എന്ന് വ്യക്തമാക്കുകയുണ്ടായി. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ബിജെപിയുടെ പതാക സ്ഥാപിച്ചിരുന്നില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ജൂണ്‍ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം. ഇതിന് മുന്നോടിയായി ”ഞങ്ങളുടെ നേതാവേ, വരൂ ഞങ്ങളെ നയിക്കൂ” എന്ന മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകള്‍ ചെന്നൈ നഗരത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈക്ക് പാര്‍ട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

പെട്ടെന്ന് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് പകരം, തമിഴ്നാട്ടില്‍ ആദ്യം ഒരു ജനകീയ മുന്നേറ്റം (People’s Movement) ആരംഭിക്കാനാണ് അണ്ണാമലൈ ലക്ഷ്യമിടുന്നത്. സമാന ചിന്താഗതിയുള്ള ആളുകളെ ഒപ്പം കൂട്ടാനും ശക്തമായ ഒരു സന്നദ്ധ പ്രവര്‍ത്തക ശൃംഖല കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. നിലവില്‍ അദ്ദേഹം നടത്തിവരുന്ന ‘വി ദി ലീഡേഴ്സ്’ (We The Leaders) കൂട്ടായ്മയും ഇതിനായി പ്രയോജനപ്പെടുത്തിയേക്കും. ഭാവിയില്‍ രൂപീകരിക്കുന്ന പാര്‍ട്ടി, തമിഴ്നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചേക്കുമെന്നും, അത് അണ്ണാമലൈയുടെ വ്യക്തിപ്രഭാവത്തിന്റെയും സംഘടനാ ശേഷിയുടെയും ആദ്യ പരീക്ഷണമാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് അടുത്ത കാലത്തായി കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് അണ്ണാമലൈ അകലം പാലിക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നിരുന്നു. സിബിഎസ്ഇ ത്രിഭാഷാ പദ്ധതി നിശ്ചയിച്ചതിലും മുമ്പ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് തമിഴ്നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് കനത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം കേന്ദ്രത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. എഞ്ചിനീയറിങ് ബിരുദവും ഐഐഎം ലഖ്‌നൗവില്‍ നിന്ന് എംബിഎയും നേടിയ അണ്ണാമലൈ, സിവില്‍ സര്‍വീസ് പാസായ ശേഷം ഐപിഎസ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2020-ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!