Tuesday, June 2, 2026

റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി; കൊച്ചിക്ക് വന്‍ കുതിപ്പ്!

അമേരിക്കന്‍ വിപണിയിലെ തിരിച്ചടികള്‍ക്കിടയിലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മേഖല. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 73,890.46 കോടി രൂപ മൂല്യം വരുന്ന 19.72 ലക്ഷം ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയുടെ പ്രധാന വിപണിയായ അമേരിക്ക അധിക തീരുവയും പകരച്ചുങ്കവും ചുമത്തിയതിനെ തുടര്‍ന്ന് അങ്ങോട്ടുള്ള വരുമാനത്തില്‍ 10.82 ശതമാനത്തിന്റെ ഇടിവ് (20,263.27 കോടി രൂപ) രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റ് അന്താരാഷ്ട്ര വിപണികളില്‍ ഉണ്ടായ മികച്ച പ്രകടനമാണ് രാജ്യത്തിന് ഈ ചരിത്ര നേട്ടം സമ്മാനിച്ചതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) വ്യക്തമാക്കി.

വരുമാനത്തിന്റെ കാര്യത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ 14,091.69 കോടി രൂപയുടെ വരുമാനവുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. യൂറോപ്യന്‍ യൂണിയന്‍, തെക്കുകിഴക്കന്‍ ഏഷ്യ, ജപ്പാന്‍ എന്നിവയാണ് വരുമാനത്തില്‍ തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന വിപണികള്‍. അതേസമയം, കയറ്റുമതി ചെയ്ത ഉത്പന്നങ്ങളുടെ അളവ് പരിശോധിച്ചാല്‍ ചൈനയാണ് (4.90 ലക്ഷം ടണ്‍) മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചൈനയിലേക്കുള്ള കയറ്റുമതിയുടെ അളവില്‍ 23 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. ഉണക്കിയ മത്സ്യം അടക്കമുള്ളവ കുറഞ്ഞ വിലയില്‍ വന്‍തോതില്‍ ചൈന വാങ്ങിയതിനാലാണ് അളവില്‍ അവര്‍ ഒന്നാമതായിട്ടും വരുമാനത്തില്‍ രണ്ടാമതായത്. പതിവുപോലെ ഇത്തവണയും കയറ്റുമതിയിലെ പ്രധാന താരം ശീതീകരിച്ച ചെമ്മീന്‍ (Frozen Shrimp) തന്നെയാണ്. ഈയൊരൊറ്റ ഇനത്തില്‍ നിന്ന് മാത്രം 49,037.93 കോടി രൂപയുടെ വരുമാനമാണ് രാജ്യം നേടിയത്.

കേരളത്തെ സംബന്ധിച്ചിടത്തോളം സമുദ്രോത്പന്ന കയറ്റുമതിയില്‍ കൊച്ചി തുറമുഖം വന്‍ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് കൊച്ചി തുറമുഖം ഇപ്പോള്‍ ഈ മികച്ച നേട്ടത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. കൊച്ചിയില്‍ നിന്ന് ഇത്തവണ 1.79 ലക്ഷം ടണ്‍ ഉത്പന്നങ്ങള്‍ കയറ്റി അയച്ച് 7,285.40 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിലധികം വളര്‍ച്ചയാണ് കൊച്ചി തുറമുഖം രേഖപ്പെടുത്തിയത്. ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് നിലവില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചി. 20,217.95 കോടി രൂപയുടെ ചരക്ക് കൈകാര്യം ചെയ്ത് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണമാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള തുറമുഖം; മഹാരാഷ്ട്രയിലെ ജെ.എന്‍.പി.ടി (JNPT) രണ്ടാമതുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!