കാൽഗറി: കനത്ത മഴയെ തുടർന്ന് കാൽഗറിയിലും പരിസര പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നതോടെ വെള്ളപ്പൊക്ക ഭീഷണി. 50 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മഴയുടെ അളവ് 100 മില്ലിമീറ്ററിലധികം എത്താൻ സാധ്യതയുണ്ടെന്നും, യാത്രക്കാർ വെള്ളം കെട്ടിനിൽക്കുന്ന റോഡുകളിൽ വാഹനമോടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം.

ബോ നദിയിലും എൽബോ നദിയിലും ജലനിരപ്പ് ഉയർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബോ നദിയിലെ ഒഴുക്ക് വർധിച്ച സാഹചര്യത്തിൽ ബോട്ടിംഗ് നിരോധനം ഏർപ്പെടുത്തി. നഗരസഭാ അധികൃതർ സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ഗ്ലെൻമോർ റിസർവോയർ ഉൾപ്പെടെയുള്ള ജലസംഭരണികൾ അടിയന്തര സാഹചര്യത്തെ നേരിടാൻ മുൻകൂട്ടി ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് ബാൻഫ് നാഷണൽ പാർക്കിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും നടപ്പാതകളും അടച്ചിട്ടുണ്ട്.കനത്ത മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
