ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് നടപടി. എസ് രാധ ചൗഹാന് ആണ് ആഭ്യന്തര അന്വേഷണസമിതി ചുമതല.

പുനർമൂല്യനിർണയത്തിനായി പത്ത് മണിക്കൂറിൽ അപേക്ഷിച്ചത് പതിനാറായിരത്തോളം പേരാണ്. ഇന്ന് പുലർച്ചെയാണ് വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഈ മാസം 6 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാം. പുതിയ പോർട്ടലിനെതിരെ സൈബർ ആക്രമണശ്രമം പ്രതിരോധിച്ചെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഓൺസ്ക്രീൻ മാർക്കിംഗിന് വിവാദ കമ്പനിയായ കോംപ്റ്റിന് കരാർ നൽകാൻ ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതിൻറെ രേഖകളും പുറത്ത് വന്നു.
