Wednesday, June 3, 2026

ഡിഎംകെ സഖ്യത്തില്‍ വീണ്ടും വിള്ളല്‍; എംഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയിലേക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം.കെ നയിക്കുന്ന സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നതായി സൂചനകള്‍. സഖ്യകക്ഷിയായ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) ഡി.എം.കെ കൂട്ടുകെട്ട് ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാര്‍ ഉടന്‍ തന്നെ നിയമസഭാംഗത്വം രാജി വെച്ച് നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തില്‍ (ടി.വി.കെ) ചേര്‍ന്നേക്കുമെന്നാണ് സൂചന. സീറ്റ് വിഭജനത്തിലെ അതൃപ്തിയും പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ട മുന്‍കാല തര്‍ക്കങ്ങളും പരസ്യമായി ഉന്നയിച്ച് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈകോ തന്നെ രംഗത്തെത്തിയതോടെയാണ് സഖ്യത്തിലെ വിള്ളല്‍ വ്യക്തമായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ ‘ഉദയസൂര്യന്‍’ ചിഹ്നത്തില്‍ മത്സരിക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ വൈകോ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇത് പാര്‍ട്ടിയുടെ സ്വതന്ത്ര അസ്തിത്വത്തെ ബാധിച്ചതായും അണികളില്‍ വലിയ നിരാശയുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 27-ന് നടക്കുന്ന പാര്‍ട്ടിയുടെ നിര്‍ണായകമായ പൊതു കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും, അതിനുശേഷമേ ഭാവി രാഷ്ട്രീയ നയങ്ങളിലും സഖ്യങ്ങളിലും അന്തിമ തീരുമാനമെടുക്കൂ എന്നും വൈകോ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലിടത്ത് മത്സരിച്ച എം.ഡി.എം.കെ മൂന്ന് മണ്ഡലങ്ങളിലും ഡി.എം.കെയുടെ ചിഹ്നത്തിലായിരുന്നു ജനവിധി തേടിയത്. ഇതില്‍ മൈലാടുതുറ ജില്ലയിലെ സീര്‍കാഴി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ആര്‍. സെന്തില്‍ സെല്‍വന്‍, തെങ്കാശി ജില്ലയിലെ കടയനല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ടി.എം. രാജേന്ദ്രന്‍ എന്നിവരാണ് ഇപ്പോള്‍ രാജിക്കൊരുങ്ങുന്നത്. ഡി.എം.കെ ചിഹ്നത്തില്‍ മത്സരിച്ചതിനാല്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുമ്പോള്‍ വരാവുന്ന നിയമപരമായ അയോഗ്യതകള്‍ ഒഴിവാക്കാനാണ് ഇവര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നത്.

ഡി.എം.കെയ്ക്കെതിരെ വൈകോ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ മകനും എം.പിയുമായ ദുരൈ വൈകോ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെയും ടി.വി.കെയെയും പരസ്യമായി പിന്തുണച്ച് സംസാരിക്കുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എം.ഡി.എം.കെ വൈകാതെ ഡിഎംകെ സഖ്യം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. എന്നാല്‍, പാര്‍ട്ടി ഇതുവരെ ഡി.എം.കെ സഖ്യത്തിനൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നും മുന്നണിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വൈകോ ഓര്‍മ്മിപ്പിച്ചു. ജൂണ്‍ 27-ലെ പൊതു കൗണ്‍സില്‍ യോഗത്തോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ പുനഃക്രമീകരണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!