ടെഹ്റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമനയിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യദിനത്തില്‍ തന്നെ രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കും വിലാപയാത്രയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ഇറാനില്‍ പുരോഗമിക്കുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി തലസ്ഥാനമായ ടെഹ്‌റാനില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വിടവാങ്ങല്‍ ചടങ്ങുകളും 24 മണിക്കൂര്‍ നീളുന്ന വിലാപയാത്രയുമാണ് അധികൃതര്‍ ക്രമീകരിക്കുന്നത്.
ദേശീയ സ്ഥാപനങ്ങളുടെയും രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികളുടെയും പൂര്‍ണ പങ്കാളിത്തത്തോടെയാണ് ടെഹ്‌റാനില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ടെഹ്റാന്‍ സാംസ്‌കാരിക-സാമൂഹിക കാര്യ ഡെപ്യൂട്ടി മേയര്‍ മുഹമ്മദ് അമിന്‍ തവക്കോലിസാദെയാണ് വിശദീകരിച്ചത്. ചുരുങ്ങിയത് 24 മണിക്കൂര്‍ എങ്കിലും നീണ്ടുനില്‍ക്കുന്ന വിലാപയാത്രയുടെ പ്രധാന വേദി തെഹ്‌റാനിലെ മുസല്ലയോ (ഗ്രാന്‍ഡ് പ്രയേഴ്‌സ് ഹാള്‍) ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകന്‍ ഇമാം ഖമനിയുടെ ശവകുടീരമോ ആയിരിക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും.

ടെഹ്‌റാനിലെ വിലാപയാത്രയ്ക്കും ചടങ്ങുകള്‍ക്കും ശേഷം ഭൗതികശരീരം ഖോമിലേക്കും തുടര്‍ന്ന് മഷ്ഹദിലേക്കും വിലാപയാത്രയായി കൊണ്ടുപോകും. ഈ നഗരങ്ങളിലും സമാനമായ രീതിയില്‍ വിടവാങ്ങല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും. ഉന്നത അധികാരികളുടെ തീരുമാനപ്രകാരം, വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദിലെ ഇമാം റിദാ പള്ളിയിലായിരിക്കും അദ്ദേഹത്തിന് അന്തിമവിശ്രമ സ്ഥലം ഒരുക്കുക.
മഷ്ഹദ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ച്, വിദേശ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് ഇറാന്‍ ഭരണകൂടം കണക്കുകൂട്ടുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥടകരുടെ വലിയൊരു ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി ഖുറാസാന്‍ റസാവി പ്രവിശ്യയിലെ ആസ്താന്‍ ഖുദ്‌സ് റസാവി ഓര്‍ഗനൈസേഷനും ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സും സംയുക്തമായി തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളും സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള പ്രത്യേക ക്രമീകരണങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
