ടൊറന്റോ: ഫിഫ വേൾഡ് കപ്പ് 2026ന്റെ ഭാഗമായി വേദികളുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ കനത്ത സുരക്ഷാ സംവിധാനങ്ങളുമായി സംഘാടകരായ യു.എസ്, കാനഡ, മെക്സിക്കോ രാജ്യങ്ങൾ. സ്റ്റേഡിയങ്ങൾക്ക് മുകളിൽ കർശനമായ വ്യോമനിരീക്ഷണം ഏർപ്പെടുത്തി. ആകാശത്ത് ഫൈറ്റർ ജെറ്റുകൾ പട്രോളിംഗ് നടത്തുകയും, ഡ്രോണുകൾ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഒരുക്കി. വടക്കേ അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് (NORAD) ആണ് ഫിഫ വേൾഡ് കപ്പിലെ സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വൻകൂവർ, ടൊറന്റോ തുടങ്ങിയ മത്സര നഗരങ്ങളിലെ സ്റ്റേഡിയങ്ങളും ഫാൻ സോണുകളും ഉൾപ്പെടുത്തി “നോ-ഫ്ലൈ സോൺ” പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാനങ്ങൾക്കും ഡ്രോണുകൾക്കും ഈ പ്രദേശങ്ങളിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഗ്രേറ്റർ ടൊറന്റോ മേഖലയ്ക്ക് സമീപം താൽക്കാലിക റഡാർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആവശ്യമായാൽ CF-18 പോലുള്ള യുദ്ധവിമാനങ്ങൾ ഉടൻ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.
