ഓട്ടവ: കാനഡയില്‍ പൊതുവിലക്കയറ്റ നിരക്ക് വലിയ വ്യതിയാനമില്ലാതെ തുടരുമ്പോഴും, നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വില വര്‍ധന സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ പലചരക്ക് സാധനങ്ങളുടെ വിലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ 2.4 ശതമാനമായിരുന്ന രാജ്യത്തെ പൊതുവിലക്കയറ്റ നിരക്ക് ഏപ്രിലില്‍ 2.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണം ഇറച്ചി വിലയിലുണ്ടായ വന്‍ വര്‍ധനയാണ്. വടക്കേ അമേരിക്കയില്‍ കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവാണ് ബീഫ് വില കുത്തനെ ഉയരാന്‍ കാരണമായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബീഫ് സ്ട്രിപ്ലോയിന്‍ കട്ടിന് (Beef striploin cuts) കിലോഗ്രാമിന് 9.61 ഡോളര്‍ വര്‍ധിച്ച് നിലവില്‍ വില 42.42 ഡോളറിലെത്തി. ബീഫ് റിബ് കട്ടുകള്‍ക്ക് 30.46 ഡോളറും, ടോപ്പ് സിര്‍ലോയിന്‍ കട്ടുകള്‍ക്ക് 28.94 ഡോളറുമാണ് ഏപ്രിലിലെ ശരാശരി വില. കിലോഗ്രാമിന് 1.42 ഡോളര്‍ വര്‍ധിച്ച് ഗ്രൗണ്ട് ബീഫിന്റെ വില 15.59 ഡോളറിലെത്തി. പടിഞ്ഞാറന്‍ കാനഡയിലും യു.എസ്. മിഡ്വെസ്റ്റിലുമുണ്ടായ കടുത്ത വരള്‍ച്ചയും കന്നുകാലികളെ വളര്‍ത്താനുള്ള ചെലവ് വര്‍ധിച്ചതുമാണ് ഈ വിലക്കയറ്റത്തിന് പിന്നിലെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു.

ബീഫിന് പുറമെ കാപ്പിപ്പൊടിയുടെ വിലയിലുണ്ടായ വര്‍ധനവും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുകയാണ്. പ്രമുഖ കാപ്പി ഉത്പാദക രാജ്യങ്ങളിലുണ്ടായ മോശം വിളവെടുപ്പും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് വില ഉയരാന്‍ കാരണമായത്. കാനഡയില്‍ 340 ഗ്രാം കാപ്പിപ്പൊടി പാക്കറ്റിന് മുന്‍വര്‍ഷത്തെക്കാള്‍ 20.69 ശതമാനം വില വര്‍ധിച്ച് 9.39 ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതിന് 7.78 ഡോളറായിരുന്നു വില.
പച്ചക്കറി വിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടമാണ് മറ്റൊന്ന്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പച്ചക്കറി വിലയില്‍ 7.8 ശതമാനം വര്‍ധനവാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ രേഖപ്പെടുത്തിയത്. 2023 ഓഗസ്റ്റിന് ശേഷം പച്ചക്കറി വിലയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ധനയാണിത്. തക്കാളി വില കിലോഗ്രാമിന് 4.69 ഡോളറില്‍ നിന്നും 6.18 ഡോളറായി ഉയര്‍ന്നു.
ഇവയ്ക്ക് പുറമെ മറ്റ് പല നിത്യോപയോഗ സാധനങ്ങളുടെ വിലയും ഏപ്രിലില്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്‍ഫന്റ് ഫോര്‍മുലയുടെ (കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍പൊടി) 900 ഗ്രാം പാക്കറ്റിന് 1.48 ഡോളര്‍ വര്‍ധിച്ച് 49.72 ഡോളറായി. സാല്‍മണ്‍ മത്സ്യത്തിന് കിലോഗ്രാമിന് 28 ഡോളറും, മൂന്ന് ലിറ്റര്‍ കനോല ഓയിലിന് 46 സെന്റ് വര്‍ധിച്ച് 10.06 ഡോളറുമാണ് ഏപ്രില്‍ മാസത്തെ ശരാശരി നിരക്ക്.
