ഓട്ടവ: ഓട്ടവയിലെ ഒ-ട്രെയിന്‍ (O-Train) ലൈനുകളിലെ ലിഫ്റ്റുകള്‍ അടിക്കടി പണിമുടക്കുന്നത് യാത്രക്കാരെ വന്‍ ദുരിതത്തിലാക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. ഒസി ട്രാന്‍സ്‌പോ (OC Transpo) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 18 മാസത്തിനിടെ ഒ-ട്രെയിന്‍ സ്റ്റേഷനുകളില്‍ നാനൂറിലധികം തവണയാണ് ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ട്രാന്‍സിറ്റ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി, കൗണ്‍സിലര്‍ മാര്‍ട്ടി കാറിന്റെ ചോദ്യത്തിന് മറുപടിയായാണ് നഗരസഭാ അധികൃതര്‍ ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പരസ്യമാക്കിയത്.
റിപ്പോര്‍ട്ട് പ്രകാരം 2024 സെപ്റ്റംബര്‍ മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഒ-ട്രെയിന്‍ ലൈന്‍ 1-ല്‍ മാത്രം 435 തവണയാണ് ലിഫ്റ്റുകള്‍ അപ്രതീക്ഷിതമായി പണിമുടക്കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ ലിഫ്റ്റ് കേടായത് ബ്ലെയര്‍ (Blair – 92 തവണ), റിഡോ (Rideau – 85 തവണ), ലിയോണ്‍ (Lyon – 62 തവണ), സെന്റ് ലോറന്റ് (St-Laurent – 44 തവണ) എന്നീ സ്റ്റേഷനുകളിലാണ്. ഇതില്‍ 2025 ഒക്ടോബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ തകരാറുകള്‍ (39 തവണ) റിപ്പോര്‍ട്ട് ചെയ്തത്. ലിഫ്റ്റിന്റെ വാതിലുകളിലെ തകരാറുകള്‍, ഹൈഡ്രോളിക് പ്രശ്‌നങ്ങള്‍, അവശിഷ്ടങ്ങളും ഉപ്പും അടിഞ്ഞുകൂടുന്നത് എന്നിവയാണ് ലൈന്‍ 1-ലെ തകരാറുകള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ബ്ലെയര്‍ സ്റ്റേഷനിലെ വടക്കേ പ്ലാറ്റ്ഫോമിലുള്ള ഒരൊറ്റ ലിഫ്റ്റ് മാത്രം ഈ കാലയളവില്‍ 58 തവണ പണിമുടക്കി. പഴയ ബസ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായ ഈ ലിഫ്റ്റിന് നിലവിലെ സംവിധാനത്തിന് ആവശ്യമായ ആധുനിക സജ്ജീകരണങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ലിഫ്റ്റുകള്‍ കേടാകുന്ന സമയത്ത് പടികള്‍ കയറാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കായി ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്താറുണ്ടെന്ന് ഒസി ട്രാന്‍സ്‌പോ അറിയിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി രണ്ട് പുതിയ ലിഫ്റ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഇതില്‍ ആദ്യത്തേത് 2027 അവസാനത്തോടെയും രണ്ടാമത്തേത് 2028-ഓടെയും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഒ-ട്രെയിന്‍ ലൈന്‍ 2, ലൈന്‍ 4 എന്നിവയിലെ ലിഫ്റ്റുകളുടെ അവസ്ഥ താരതമ്യേന ഭേദപ്പെട്ടതാണ്. ഈ 18 മാസത്തിനിടെ 91 തകരാറുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ലൈന്‍ 2, 4 എന്നിവയില്‍ ലൈംബാങ്ക് സ്റ്റേഷനിലാണ് (27 തവണ) ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായത്. ഇവ കൂടാതെ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന സ്റ്റേഷനുകളിലെ ലിഫ്റ്റുകളില്‍ 72 തവണ തകരാറുകള്‍ ഉണ്ടായി. സൌത്ത് കീസ് (16), ബില്ലിങ്‌സ് ബ്രിഡ്ജ് (13) എന്നീ ബസ് സ്റ്റേഷനുകളിലാണ് കൂടുതല്‍ തവണ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായത്. ഈ സ്റ്റേഷനുകളിലെ ലിഫ്റ്റ് പരിപാലനത്തിനായി പ്രത്യേക കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും യാത്രാക്ലേശം കുറയ്ക്കാനായി അറ്റകുറ്റപ്പണികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഒസി ട്രാന്‍സ്‌പോ വ്യക്തമാക്കി.
