തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സീസണിലെ ആദ്യ റെഡ് അലർട്ട് നാളെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകൾക്ക് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ കൂടി റെഡ് അലേർട്ട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. കരമനയാറ്റിലെ വെള്ളൈകടവ് സ്റ്റേഷൻ, മണിമലയാറ്റിലെ കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മിഷൻ നൽകിയ യെല്ലോ അലേർട്ട് പ്രകാരം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഈ നദികളിൽ ഇറങ്ങരുതെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
