Sunday, June 7, 2026

ജലനിരപ്പ് ഉയരുന്നു; സൗത്ത് സസ്‌കച്വാന്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സസ്‌കചാന്‍: ആല്‍ബര്‍ട്ടയിലുണ്ടായ ശക്തമായ മഴയെ തുടര്‍ത്ത് സൗത്ത് സസ്‌കച്വാന്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ്. നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഗാര്‍ഡിനര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ വാട്ടര്‍ സെക്യൂരിറ്റി ഏജന്‍സി തുറക്കാന്‍ തീരുമാനിച്ചു. ഇതോടെ നദിയിലെ ഒഴുക്ക് സെക്കന്‍ഡില്‍ 240 ഘനമീറ്ററില്‍ നിന്നും 700 ഘനമീറ്ററായി ഉയരും. ജൂണ്‍ 7 മുതല്‍ ഒഴുക്ക് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്തിരട്ടിയോളം ശക്തമായ ഒഴുക്കായിരിക്കും നദിയിലുണ്ടാകുകയെന്ന് സസ്‌കറ്റൂണ്‍ കാന്‍സൂ ക്ലബ് ഭാരവാഹികള്‍ വ്യക്തമാക്കി.

ഒഴുക്ക് വര്‍ധിക്കുന്നത് നദിയില്‍ വഞ്ചിയാത്ര നടത്തുന്നവര്‍ക്ക്, പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കാറ്റ് ശക്തമായാല്‍ വള്ളങ്ങള്‍ മറിയാനും തീരത്തേക്ക് തിരിച്ചെത്താന്‍ സാധിക്കാതെ വരാനുമുള്ള സാധ്യതയേറെയാണ്. വെള്ളത്തിന്റെ ഒഴുക്ക് സെക്കന്‍ഡില്‍ 700 ഘനമീറ്റര്‍ ആകുമ്പോള്‍ വൈറ്റ് വാട്ടര്‍ (ണവശലേംമലേൃ) റാഫ്റ്റിങില്‍ നല്ല പരിചയസമ്പന്നരായ ആളുകള്‍ മാത്രമേ നദിയിലിറങ്ങാവൂ എന്ന് സസ്‌കച്വാന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം നിര്‍ദേശിച്ചു. ഒഴുക്ക് 800 ഘനമീറ്റര്‍ കടന്നാല്‍ ആരും തന്നെ നദിയില്‍ ഇറങ്ങാന്‍ പാടില്ല. നഗരപരിധിക്കുള്ളില്‍ നദിയില്‍ നീന്തുന്നത് വര്‍ഷം മുഴുവനും നിരോധിച്ചിട്ടുള്ള കാര്യമാണെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

നദിയിലെ ഒഴുക്ക് സെക്കന്‍ഡില്‍ 450 ഘനമീറ്ററിന് മുകളിലായാല്‍ സുരക്ഷാ കാരണങ്ങളാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഡൈവര്‍മാരെ വെള്ളത്തിലിറക്കാന്‍ അനുവാദമില്ലെന്ന് സസ്‌കറ്റൂണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അതുകൊണ്ടുതന്നെ നദീതീരങ്ങളിലൂടെ നടക്കുന്നവരും വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് മീവാസിന്‍ വാലി അതോറിറ്റി സിഇഒ മൈക്ക് വെലോനാസ് പറഞ്ഞു. ശക്തമായ ഒഴുക്കിനൊപ്പം നദിയിലൂടെ ഒഴുകിവരുന്ന അവശിഷ്ടങ്ങളും അപകടം വരുത്തിവെക്കാം. നദീതീരങ്ങളിലെ മണല്‍ത്തിട്ടകള്‍ പെട്ടെന്ന് ഇടിഞ്ഞു താഴേക്ക് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ നദിയോട് ചേര്‍ന്നുള്ള നടത്തം ഒഴിവാക്കണം.

ഡാമില്‍ നിന്നുള്ള ഒഴുക്ക് വര്‍ധിക്കുന്നതോടെ സസ്‌കറ്റൂണ്‍ മേഖലയില്‍ നദിയിലെ ജലനിരപ്പ് 60 സെന്റിമീറ്റര്‍ (രണ്ടടി) വരെ ഉയര്‍ന്നേക്കും. ജൂണ്‍ 11-ഓടെ ഗാര്‍ഡിനര്‍ ഡാമില്‍ നിന്നുള്ള ഒഴുക്ക് അതിന്റെ പരമാവധിയില്‍ എത്തുമെന്നും അടുത്ത ആഴ്ചയോടെ ഇത് പതുക്കെ കുറയുമെന്നും വാട്ടര്‍ സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. സാഹചര്യം മാറുകയാണെങ്കില്‍ ഒഴുക്കിന്റെ അളവില്‍ ഇനിയും മാറ്റം വരുത്തിയേക്കാം. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ജനവാസ മേഖലകളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!