കോഴിക്കോട്: കാനഡയില്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവ മാര്‍ഷ്യല്‍ ആര്‍ട്സ് താരം കെ. ഹൃഷികേശിന്റെ (27) സംസ്കാരം ഇന്ന് നടക്കും. മാവൂര്‍ റോഡ് ജംക്ഷന് സമീപം കോലോത്ത് വീട്ടില്‍ ഹൃഷികേശിന്റെ മൃതദേഹം കാനഡയില്‍ നിന്ന് വിമാനമാര്‍ഗ്ഗം ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട്ടേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ മേയ് എട്ടിന് വടക്കന്‍ സസ്കച്വാനിലെ യുറേനിയം ഖനന മേഖലയില്‍ വെച്ചായിരുന്നു ഹൃഷികേശ് കൊല്ലപ്പെട്ടത്. വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുറേനിയം എക്സ് ഡിസ്കവറി കോര്‍പ്പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പ്രൊജക്ട് സൈറ്റില്‍ വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ കരടിയുടെ ആക്രമണമത്തിലാണ് ഹൃഷികേശ് കൊല്ലപ്പെട്ടത്.

മിക്സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ (MMA) ദേശീയ മെഡല്‍ ജേതാവായിരുന്ന ഹൃഷികേശ് മൂന്ന് വര്‍ഷം മുന്‍പാണ് കാനഡയിലേക്ക് കുടിയേറിയത്. മൂത്ത സഹോദരന് കെ. അര്‍ജുനൊപ്പം ബ്രിട്ടിഷ് കൊളംബിയയിലെ പെന്റിങ്ടണിലായിരുന്നു താമസം. ലോകപ്രശസ്തമായ അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ (UFC) പങ്കെടുക്കുക എന്നതായിരുന്നു ഈ യുവതാരത്തിന്റെ പ്രധാന ലക്ഷ്യം. തുടര്‍പഠനത്തിനായി വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ ചേരാനിരിക്കെ ഉണ്ടായ ഇടവേളയിലാണ് ഹൃഷികേശ് ഈ കരാര്‍ ജോലിക്കായി പ്രൊജക്ട് സൈറ്റിലേക്ക് പോയത്.
മാവൂര്‍ റോഡ് ജംക്ഷനില്‍ ഹൈസണ്‍ ഹോട്ടലിനു പിന്‍വശം കോലോത്ത് വീട്ടില്‍ കെ.രതീഷിന്റെയും (മൊമെന്റോ വേള്‍ഡ്, മാവൂര്‍ റോഡ്) പി. തുളസിയുടെയും മകനാണ്. സഹോദരങ്ങള്‍: അര്ജുന്, ശ്രീശങ്കര്‍.
