വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങളുണ്ടാകുമെന്ന പ്രതീക്ഷകൾക്കിടെ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതായി റിപ്പോർട്ടുകൾ. ഹോർമുസിനടുത്ത് യുഎസിന്റെ അപ്പാച്ചെ ഹെലികോപ്ടർ ഇറാൻ വെടിവച്ചിട്ടു. പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം കടുത്ത മുന്നറിയിപ്പുകൾ നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇറാനിലെ ചില സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നുവെന്നും ചില പ്രദേശങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു.
അതേസമയം, അപ്പാചെ ഹെലികോപ്ടർ വെടിവെച്ചിട്ടത് മനഃപൂർവമല്ലെന്നായിരുന്നു ഇറാന്റെ വിശദീകരണം. എന്നാൽ ഭാവിയിൽ കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ബഹ്റൈനിന് സമീപമുള്ള യുഎസ് നാവിക സാന്നിധ്യത്തിനെതിരെയും ഇറാൻ നടപടികൾ സ്വീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിലും പ്രതിഫലനം പ്രകടമായി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ഉയർന്നതോടെയാണ് ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുയർന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 89 ഡോളറിന് മുകളിലെത്തിയപ്പോൾ, ബ്രെന്റ് ക്രൂഡ് വില 92 ഡോളറിനും മുകളിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകളുടെ ഗതാഗതം സംബന്ധിച്ച അനിശ്ചിതത്വവും വിലക്കയറ്റത്തിന് കാരണമായതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ വിപണിയെയും ബാധിക്കുമോയെന്ന ആശങ്കയിലാണ്
ലോക രാജ്യങ്ങൾ.
