കൊച്ചി: മാസപ്പടി കേസിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിശദമായ ചോദ്യാവലി തയ്യാറാക്കി. സിഎംആർഎൽ–എക്സാലോജിക് ഇടപാടിലൂടെ ലഭിച്ച 1.72 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം കേന്ദ്രീകരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചാണ് വീണയ്ക്ക് സമൻസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി നിരവധി പേജുകളുള്ള വിശദമായ ചോദ്യാവലിയാണ് ഇ ഡി തയ്യാറാക്കിയിരിക്കുന്നത്.
സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടി രൂപ ഭൂമി വാങ്ങലിനായോ, മറ്റ് നിക്ഷേപങ്ങൾക്കായോ ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. സിഎംആർഎൽ–എക്സാലോജിക് കരാർ, പണമിടപാട് രേഖകൾ, ബാങ്ക് ട്രാൻസാക്ഷനുകൾ എന്നിവയും വിശദമായി പരിശോധിക്കും.

കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ ശേഖരിച്ച 134 പ്രധാന രേഖകൾ ഇ ഡിക്ക് കൈമാറാൻ കഴിഞ്ഞ ദിവസം കലൂർ പിഎംഎൽഎ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകളിലെ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക.
