എഡ്മിന്റണ്‍: എഡ്മിന്റണിലെ വുഡ്‌ക്രോഫ്റ്റ് അവന്യൂവില്‍ തീപിടുത്തം. തീപിടിത്തത്തെ തുടര്‍ന്ന് റോഡ് താല്‍ക്കാലികമായി അടച്ചു. ഒരു വീടിന്റെ ഗാരേജില്‍ ഉണ്ടായ തീ പിന്നീട് സമീപത്തെ ഡ്യൂപ്ലക്‌സ് വീടിന്റെ മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നു. ആളപായമില്ല.
ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് 13540 വുഡ്‌ക്രോഫ്റ്റ് അവന്യൂവിലെ ജനവാസ മേഖലയില്‍ തീപിടിത്തമുണ്ടായത്. തീ പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം വീടിന്റെ മേല്‍ക്കൂര മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതേസമയം, തീപിടിത്തമുണ്ടായ ഈ വീട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ആരും താമസിച്ചിരുന്നില്ലെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വുഡ്‌ക്രോഫ്റ്റ് അവന്യൂവിലൂടെയുള്ള ഗതാഗതം അധികൃതര്‍ താല്‍ക്കാലികമായി തടഞ്ഞു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
