Wednesday, June 10, 2026

ലോകകപ്പ് ആവേശം നെഞ്ചേറ്റി കാല്‍ഗറി ഫാര്‍മേഴ്സ് മാര്‍ക്കറ്റ്; മത്സരങ്ങള്‍ തത്സമയം കാണാന്‍ ബിഗ് സ്‌ക്രീന്‍ ഒരുങ്ങുന്നു

കാല്‍ഗറി: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ത്തസമയം കാണാന്‍ സുവര്‍ണ്ണാവസരം ഒരുക്കുകയാണ് കാല്‍ഗറി ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ്. ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ഒരു മിനിറ്റ് പോലും നഷ്ടപ്പെടുത്താതെ സൗജന്യമായി കാണാന്‍ ആരാധകര്‍ക്ക് മാര്‍ക്കറ്റില്‍ സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 11 മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ കാല്‍ഗറി ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിന്റെ സൗത്ത്, വെസ്റ്റ് എന്നീ രണ്ട് ലൊക്കേഷനുകളിലും വലിയ സ്‌ക്രീനുകളില്‍ തത്സമയം സംപ്രേഷണം ചെയ്യും. മാര്‍ക്കറ്റ് തുറന്നുപ്രവര്‍ത്തിക്കുന്ന സമയങ്ങളിലെല്ലാം കളി കാണാനുള്ള അവസരമുണ്ടാകും. ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന വിവിധ രാജ്യങ്ങളുടെ തനത് വിഭവങ്ങളും പാനീയങ്ങളും പ്രത്യേക ഓഫറുകളോടെ കളി നടക്കുന്ന സമയങ്ങളില്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ലഭ്യമാക്കുമെന്നതാണ് മറ്റൊരു ആകര്‍ഷണം.

‘ലോകകപ്പ് എന്നത് ആഗോളതലത്തില്‍ വലിയൊരു വിസ്മയമാണ്. കാല്‍ഗറിയില്‍ ഫുട്‌ബോളിന്റെ ജനപ്രീതി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ആരാധകര്‍ക്ക് ചെലവുകുറഞ്ഞതും എളുപ്പമുള്ളതുമായ ഒരു ബിഗ് സ്‌ക്രീന്‍ കാഴ്ചാനുഭവം സമ്മാനിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ കാല്‍ഗറി ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ് സി.ഇ.ഒ ഡെന്നിസ് എല്ലാഹി പറഞ്ഞു. ധാരാളം സ്ഥലസൗകര്യവും, കുടുംബസമേതം ആസ്വദിക്കാനാകുന്ന അന്തരീക്ഷവും, ഒപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളും ചേരുമ്പോള്‍ മത്സരം കാണാന്‍ ഇതിലും മികച്ചൊരു സ്ഥലം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 12-ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് (1 p.m. MT) ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരെ നടക്കുന്ന കാനഡയുടെ ആദ്യ മത്സരവും ഇവിടെ തത്സമയം കാണാം. ലോകകപ്പ് മത്സരങ്ങളുടെ മുഴുവന്‍ സമയവിവരങ്ങളും ഭക്ഷണശാലകളിലെ പ്രത്യേക ഓഫറുകളും അറിയാന്‍ കാല്‍ഗറി ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!