ബാരി: ഡ്യൂട്ടിക്കിടെ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഒപിപി കോണ്‍സ്റ്റബിളായ തരുണ്‍ ബാലി (29) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്റാരിയോയിലെ ഹേര്‍സ്റ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന തരുണ്‍ ബാലിയെ പ്രതി കാറിടിച്ചു വീഴ്ത്തുകയായിരുന്നു.
കോണ്‍സ്റ്റബിള്‍ ബാലിയുടെ മരണവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരനായ പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ബാരിയില്‍ നിന്നും 800 കിലോമീറ്ററിലധികം വടക്കുപടിഞ്ഞാറുള്ള ഹേര്‍സ്റ്റിലെ കെന്‍ഡല്‍ കണ്‍സെഷന്‍ റോഡ് 7-ന് സമീപമാണ് സംഭവം നടന്നത്. പ്രതിയുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒപിപി കമ്മീഷണര്‍ തോമസ് കാരിക്ക് സ്ഥിരീകരിച്ചു.

കൊലക്കുറ്റത്തിന് പുറമെ അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങളും ഈ പതിനെട്ടുകാരനെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണം തുടരുന്നതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഒപിപിയുടെ ഡഫറിന്‍ (Dufferin) വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനായിരുന്ന ബാലി, ജെയിംസ് ബേ (James Bay) വിഭാഗത്തില്‍ താല്‍ക്കാലിക ചുമതലയിലായിരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ ബാലിയുടെ മൃതദേഹം ബുധനാഴ്ച ടൊറന്റോയിലെ ചീഫ് കോറോണര്‍ ഓഫീസില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍സ്റ്റബിള്‍ തരുണ്‍ ബാലിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ബാരി പോലീസ് സര്‍വീസ്, സൗത്ത് സിംകോ പോലീസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ ഒപിപി കോണ്‍സ്റ്റബിള്‍ തരുണ്‍ ബാലിയുടെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ബാരി മേയര്‍ അലക്‌സ് നട്ടാല്‍ പറഞ്ഞു. സമൂഹത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ തരുണ്‍ ബാലിയുടെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് ഷെല്‍ബേണ്‍ മേയര്‍ വേഡ് മില്‍സ് അനുസ്മരിച്ചു. ഡഫറിന്‍ ഒപിപിയുടെ പരിധിയില്‍ വരുന്ന ഓറഞ്ച്വില്‍ മേയര്‍ ലിസ പോസ്റ്റും മോണോ മേയര്‍ ജോണ്‍ ക്രീല്‍മാനും കുടുംബത്തെ അനുശോചനമറിയിച്ചു.
