തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കൊല്ലം ജില്ലകള്‍ക്ക് പിന്നാലെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തും ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്തെ പുത്തന്‍തോപ്പ്, ചാക്ക, തോന്നയ്ക്കല്‍ എന്നീ പ്രദേശങ്ങളിലായി മൂന്ന് കുട്ടികള്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. ആശങ്കയുണര്‍ത്തുന്ന സാഹചര്യമാണെങ്കിലും ഈ കുട്ടികള്‍ നിലവില്‍ അപകടാവസ്ഥ തരണം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ പരവൂര്‍, കിളികൊല്ലൂര്‍ മേഖലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയിലാണ്. കൊല്ലം ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് വ്യത്യസ്തയിടങ്ങളിലായി ഈ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, വയനാട് ജില്ലയില്‍ രോഗവ്യാപനം കൂടുതല്‍ കുട്ടികളിലേക്ക് നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോളിയാടി മാര്‍ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക് കൂടി പുതുതായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് അയച്ചിരുന്ന സാമ്പിളുകളുടെ ഫലം വന്നതോടെയാണ് ഈ സ്കൂളില്‍ മാത്രം രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഒമ്പതായി ഉയര്‍ന്നത്.
രോഗവ്യാപനം തടയുന്നതിനായി വയനാട് നെന്മേനി പഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് താല്‍ക്കാലിക ചന്തകള്‍, റാലികള്‍ എന്നിവ പരമാവധി ഒഴിവാക്കാനാണ് നിര്‍ദ്ദേശം. പൊതുസ്ഥലങ്ങളിലും സ്വകാര്യ ചടങ്ങുകളിലും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ ആളുകളുടെ എണ്ണം ചുരുക്കി മാസ്കും സാനിറ്റൈസറും അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
