വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ തുടരുന്നതിനിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ സജീവമായതായി റിപ്പോര്‍ട്ട്. തങ്ങള്‍ മുന്നോട്ടുവെക്കുന്ന സമാധാന കരാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനുമേല്‍ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പ്രാഥമിക കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജ്ജിതമായിട്ടുണ്ടെന്നാണ് ഇറാനിയന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഒരു രാഷ്ട്രീയ ധാരണയില്‍ എത്തിയതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും മെമ്മോറാണ്ടത്തിന്റെ വിശദാംശങ്ങള്‍ കൈമാറുന്നുണ്ടെന്ന് ഇറാനിയന്‍ വൃത്തങ്ങളും യൂറോപ്യന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വിദേശ ബാങ്കുകളില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയന്‍ ഫണ്ട് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രധാനമായും ഇപ്പോള്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത്. സൈനികപരമായി നോക്കിയാല്‍ ഈ യുദ്ധം കൊണ്ട് ഇരുപക്ഷത്തിനും നേട്ടമില്ലെന്നും, നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്നാണ് ഈ ആഴ്ച വീണ്ടും സംഘര്‍ഷം രൂക്ഷമായത്. ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങളും കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ പുതിയ ആക്രമണങ്ങള്‍. ഇതിന് തിരിച്ചടിയായി കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെയും, ജോര്‍ദാനിലെ അല്‍-അസ്‌റഖ് വ്യോമതാവളത്തിന് നേരെയും ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. ആക്രമണങ്ങളെത്തുടര്‍ന്ന് കുവൈറ്റ് തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചു.

വിദേശ ബാങ്കുകളില്‍ മരവിപ്പിച്ച തങ്ങളുടെ 6 മുതല്‍ 12 ബില്യണ്‍ ഡോളര്‍ വരെയുള്ള ഫണ്ട് വിട്ടുനല്‍കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാല്‍ ഈ തുക മാനുഷിക പരിഗണന മുന്‍നിര്‍ത്തിയുള്ള ആവശ്യങ്ങള്‍ക്കായി ഘട്ടംഘട്ടമായി മാത്രമേ റിലീസ് ചെയ്യാനാകൂ എന്ന നിലപാടിലാണ് വാഷിംഗ്ടണ്‍. കൂടാതെ ലബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, തങ്ങള്‍ക്കുമേലുള്ള ഉപരോധങ്ങള്‍ നീക്കുക, ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണം അംഗീകരിക്കുക എന്നിവയും ഇറാന്റെ ആവശ്യങ്ങളിലുണ്ട്. എന്നാല്‍ കപ്പല്‍ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങള്‍ ഇറാന്‍ നീക്കണമെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നുമാണ് ട്രംപിന്റെ വ്യവസ്ഥ.
ഫെബ്രുവരി 28-ന് ആരംഭിച്ച ഈ യുദ്ധം മൂലം ഇറാനിലും ലബനനിലുമായി ഇതിനകം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. അമേരിക്കയില്‍ ഇന്ധനവില വര്‍ദ്ധിച്ചതോടെ ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത് വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമാണ്.
അതിനിടെ, ഇന്ധന വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും, കപ്പല്‍ ഗതാഗതം ഇപ്പോഴും സുഗമമായി നടക്കുന്നുണ്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അതേസമയം ഒമാന്‍ തീരത്ത് ഇറാന്റെ എണ്ണക്കപ്പല്‍ തടയാനുള്ള യു.എസ് സൈനിക നടപടിക്കിടെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ വിവിധ നഗരങ്ങളില്‍ യു.എസ് ആക്രമണത്തെത്തുടര്‍ന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
