കൊച്ചി: ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം മലയാളികളുടെ അടുക്കളകളിലേക്കും എത്തിച്ചുകൊണ്ട് സപ്ലൈകോ പ്രത്യേക ഓഫര്‍ പദ്ധതിയായ ‘സപ്ലൈകോ സോക്കര്‍ ഇലവന്’ അവതരിപ്പിക്കുന്നു. ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ഈ സവിശേഷ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് ആകര്‍ഷകമായ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഫുട്ബോള്‍ ആരാധകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവമായിരിക്കും ഇതെന്നും, വിപണിയിലെ നിലവിലുള്ള വിലക്കുറവിന് പുറമെയായിരിക്കും ഈ ഓഫറെന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
ലോകകപ്പ് മത്സരങ്ങളില്‍ ഓരോ ടീമും നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നത്തിന് ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ഉദാഹരണത്തിന്, ഒരു മത്സരത്തില്‍ ബ്രസീല്‍ മൂന്ന് ഗോള്‍ നേടിയാല്‍ ശബരി മഞ്ഞള്‍പ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം അധിക വിലക്കിഴിവ് ലഭിക്കും. എന്നാല്‍ ഷൂട്ടൗട്ടില്‍ നേടുന്ന ഗോളുകള്‍ ഇതിനായി പരിഗണിക്കില്ല. ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാകുക. തുടര്‍ന്ന് പുതിയ മത്സരത്തിലെ ഗോള്‍നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഡിസ്കൗണ്ട് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.

ബ്രസീല്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്, സ്പെയിന്, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, മൊറോക്കോ എന്നീ 11 പ്രമുഖ ടീമുകളാണ് ‘സപ്ലൈകോ ഇലവന്’ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ നെതര്‍ലാന്‍ഡിന് ശബരി സാമ്പാര്‍പ്പൊടിയും, സ്പെയിന് ശബരി പുട്ടുപൊടിയും, അര്‍ജന്റീനയ്ക്ക് ശബരി പായസം മിക്സും, ബെല്‍ജിയത്തിന് ശബരി സൂപ്പര്‍ ഫൈന്‍ ഡസ്റ്റ് ടീയും, പോര്‍ച്ചുഗലിന് ശബരി മുളകുപൊടിയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ക്രൊയേഷ്യയ്ക്ക് ശബരി വെളിച്ചെണ്ണയും, ഇംഗ്ലണ്ടിന് ശബരി ഉപ്പും, മൊറോക്കോയ്ക്ക് ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീയും, ഫ്രാന്‍സിന് ശബരി ഗോള്‍ഡ് ടീയും മാറ്റിവെച്ചിരിക്കുന്നു. ഈ 11 ടീമുകളില്‍ ഏതെങ്കിലും ഒരു ടീം ലോകകപ്പ് കിരീടം നേടുകയാണെങ്കില്‍ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് വന്‍ അധിക വിലക്കുറവില്‍ നല്‍കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം
