Friday, June 12, 2026

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം: അപലപിച്ച് ഇറാന്‍; അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനം

ടെഹ്‌റാന്‍: ഒമാന്‍ തീരത്ത് വാണിജ്യ കപ്പലിന് നേരെ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇറാന്‍ രംഗത്ത്. സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെ യു.എസ് നടത്തുന്ന ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി ആരോപിച്ചു. സമുദ്ര സുരക്ഷ തകര്‍ക്കുന്ന അമേരിക്കയുടെ ഇത്തരം നിയമവിരുദ്ധ പെരുമാറ്റങ്ങള്‍ക്കും ഭരണകൂട കടല്‍ക്കൊള്ളയ്ക്കുമെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും, ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ നാവികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം എക്‌സിലൂടെ (X) വ്യക്തമാക്കി.

പാലാവു (Palau) പതാകയേന്തിയ ‘എംടി സെറ്റെബെല്ലോ’ (MT Settebello) എന്ന വാണിജ്യ കപ്പലിന് നേരെയാണ് ഒമാന്‍ തീരത്ത് വെച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മിസൈല്‍ ആക്രമണമുണ്ടായത്. ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് കപ്പല്‍ മുന്നോട്ട് പോയെന്നും, നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നുമാണ് യു.എസ് ഉന്നയിക്കുന്ന വാദം. എന്നാല്‍ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യന്‍ ജീവനക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചീഫ് എഞ്ചിനീയര്‍ പട്‌നാല സുരേഷ്, ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ്മ, ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ എന്നീ മൂന്ന് ഇന്ത്യന്‍ നാവികര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യു.എസ് പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മേഖലയിലെ സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെയുള്ള സൈനിക ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര സമുദ്ര സംഘടനയും (IMO) വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ ഗതാഗതത്തിന്റെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരവും നയതന്ത്രപരവുമായ നടപടികള്‍ വേണമെന്ന് ഐഎംഒ സെക്രട്ടറി ജനറല്‍ ആഴ്‌സനിയോ ഡൊമിംഗസ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്കും പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!