Friday, June 12, 2026

ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടിങ് ലോകത്തെ ഇതിഹാസ താരം ജസ്പാല്‍ റാണ (49) അന്തരിച്ചു. ഡല്‍ഹിയിലെ മാക്‌സ് സാകേത് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് (ISSF) ലോകകപ്പില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ കായികരംഗത്തിന് നികത്താനാകാത്ത നഷ്ടമാണ് റാണയുടെ വിയോഗം.

1976 ജൂണ്‍ 28 ന് ഉത്തരാഖണ്ഡില്‍ ജനിച്ച ജസ്പാല്‍ റാണ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഷൂട്ടര്‍മാരില്‍ ഒരാളാണ്. 1994-ല്‍ മിലാനില്‍ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് സ്‌കോറോടെ സ്വര്‍ണം നേടിയാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായത്. അതേ വര്‍ഷം തന്നെ ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടി അദ്ദേഹം രാജ്യത്തിന്റെ അഭിമാനമായി മാറി. ഏഷ്യന്‍ ഗെയിംസുകളില്‍ നാല് സ്വര്‍ണ്ണം ഉള്‍പ്പെടെ എട്ട് മെഡലുകളാണ് അദ്ദേഹം ഇന്ത്യക്കായി വെടിവെച്ചിട്ടത്.

കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഒന്‍പത് സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 15 മെഡലുകള്‍ വാരിക്കൂട്ടിയ ജസ്പാല്‍ റാണ, ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വിജയകരമായ കോമണ്‍വെല്‍ത്ത് ഷൂട്ടര്‍മാരില്‍ ഒരാളായി തുടരുന്നു. 1994, 1998, 2002, 2006 എന്നീ വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസുകളിലാണ് അദ്ദേഹം പങ്കെടുത്തത്. 2006-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം. ദോഹയില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിയ അദ്ദേഹം 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റളില്‍ ലോക റെക്കോര്‍ഡും കുറിച്ചു. 1996 ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കായികതാരം എന്ന നിലയില്‍ മാത്രമല്ല, മികച്ചൊരു പരിശീലകന്‍ എന്ന നിലയിലും അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിംഗിനെ നയിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ ഇരട്ട മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചപ്പോള്‍ കളിമിടുക്ക് പകര്‍ന്നു നല്‍കിയ ചീഫ് കോച്ച് ജസ്പാല്‍ റാണയായിരുന്നു. കായികരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ അര്‍ജുന, പത്മശ്രീ, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. വെറും 18-ാം വയസ്സിലാണ് അദ്ദേഹത്തിന് അര്‍ജുന അവാര്‍ഡ് ലഭിക്കുന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തി. കായിക ലോകത്തെ പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!