ഓട്ടവ: കത്തുകളും പാഴ്സലുകളും നേരിട്ട് വീട്ടുപടിക്കല്‍ എത്തിച്ചു നല്കുന്ന രീതി കാനഡ പോസ്റ്റ് അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 4,85,000 വീടുകളില്‍ കൂടി ‘കമ്മ്യൂണിറ്റി മെയില്‍ബോക്സ്’ സംവിധാനം ഏര്‍പ്പെടുത്താന്‍ കാനഡ പോസ്റ്റ് തീരുമാനിച്ചു. കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും തപാല്‍ സംവിധാനം ആധുനികീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 2027-ഓടെ ഈ മാറ്റം പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരും.
നേരത്തെ 2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ കമ്മ്യൂണിറ്റി മെയില്ബോക്സുകളിലേക്ക് മാറ്റാന്‍ നിശ്ചയിച്ചിരുന്ന 1,36,000 വീടുകള്‍ക്ക് പുറമെയാണിത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഒന്റാരിയോ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ, ആല്‍ബര്‍ട്ട, നോവസ്കോഷ, ന്യൂബ്രണ്‍സ്വിക്ക്, മാനിറ്റോബ എന്നീ ഏഴ് പ്രവിശ്യകളിലെ 37 കമ്മ്യൂണിറ്റികളെയാണ് ഇത് ബാധിക്കുക. ഇതില്‍ ഒന്റാരിയോയിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ നടക്കുക (1,58,000 വീടുകള്‍). കെബെക്കില്‍ 1,39,000 വീടുകളെയും ബ്രിട്ടിഷ് കൊളംബിയയില്‍ 81,000 വീടുകളെയും ആല്‍ബര്‍ട്ടയില്‍ 56,000 വീടുകളെയും ഈ പരിഷ്കാരം ബാധിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആകെ 40 ലക്ഷം വീടുകളില്‍ നേരിട്ടുള്ള തപാല്‍ വിതരണം അവസാനിപ്പിച്ച് കമ്മ്യൂണിറ്റി മെയില്ബോക്സുകളാക്കി മാറ്റാനാണ് കാനഡ പോസ്റ്റ് ലക്ഷ്യമിടുന്നത്. നിലവില്‍ കാനഡ പോസ്റ്റ് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2026-ന്റെ ആദ്യ പാദത്തില്‍ മാത്രം കാനഡ പോസ്റ്റിന് 205 മില്യണ്‍ ഡോളറിന്റെ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. വീട്ടുപടിക്കല്‍ നേരിട്ടെത്തി തപാല്‍ വിതരണം ചെയ്യുന്നത് വലിയ ചെലവേറിയതാണെന്നും, കമ്മ്യൂണിറ്റി ബോക്സുകളിലേക്ക് മാറുന്നത് വഴി ഈ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കമ്മ്യൂണിറ്റി മെയില്‍ബോക്സുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി പ്രാദേശിക ഭരണകൂടങ്ങളുമായി കാനഡ പോസ്റ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
