ടൊറന്റോ: ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സ്വന്തം നാട്ടിൽ മത്സരം കളിക്കുന്ന കാനഡ ഇന്ന് ബോസ്നിയ-ഹെർസഗോവിനയെ നേരിടുന്നു. ടൊറന്റോ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് നടക്കുന്ന മത്സരം കാനഡയുടെ ഫുട്ബോൾ ചരിത്രത്തിലെ നിർണായക മുഹൂർത്തമായി മാറുകയാണ്.
മുമ്പ് ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ടെങ്കിലും വിജയമൊന്നും നേടാനായിട്ടില്ലാത്ത കാനഡയ്ക്ക്, സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ വിജയം നേടുകയാണ് ലക്ഷ്യം. എന്നാൽ ശക്തമായ എതിരാളിയായ ബോസ്നിയയെ നേരിടുന്നത് വലിയ വെല്ലുവിളിയാകും. ക്യാപ്റ്റൻ അൽഫോൺസോ ഡേവിസ് ഹാംസ്ട്രിങ് പരുക്കിനെ തുടർന്ന് മത്സരത്തിൽ നിന്ന് പുറത്തായതാണ് കാനഡയ്ക്ക് വലിയ തിരിച്ചടി. എന്നാൽ പ്രതിരോധ താരം മോയിസ് ബോംബിറ്റോ ടീമിൽ തിരിച്ചെത്തിയത് ആശ്വാസമായി മാറുന്നു.

ഡേവിസിന്റെ അഭാവം ടീമിന്റെ ആക്രമണ-പ്രതിരോധ തന്ത്രങ്ങളെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോഴും, ഹോം ഗ്രൗണ്ടിന്റെ ആത്മവിശ്വാസത്തിൽ കാനഡ മികച്ച പ്രകടനം ലക്ഷ്യമിടുന്നുണ്ട്.
