കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഷിഗെല്ല മരണമാണിത്.
സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ തുടർച്ചയായി ഉയരുന്നതായാണ് ആരോഗ്യവകുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി മുതൽ ഇതുവരെ 135 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ. രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക നിരീക്ഷണവും ചികിത്സാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. രണ്ടാഴ്ച മുമ്പ് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കർശന പരിശോധനകൾ തുടരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി കുടിവെള്ള ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
