എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റനിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ നിരവധി വിദ്യാർത്ഥിനികൾ ഇരകളായതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആൽബർട്ട ലോ എൻഫോഴ്സ്മെന്റ് റെസ്പോൺസ് ടീം (ALERT) ഇന്റർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ (ICE) യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട സ്കൂളിന്റെ പേര് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മാർച്ചിൽ വിദ്യാർത്ഥികളിൽ നിന്ന് പരാതികൾ ലഭിച്ചതോടെ ഒരു അധ്യാപികയാണ് അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ ഡിസംബറിലും കാൽഗറിയിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിക്കെതിരെ സമാനമായ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം കുട്ടികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഗുരുതര വെല്ലുവിളി ഉയർത്തുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
