Thursday, June 18, 2026

ഒമാനിലെ സാഹസിക ടൂറിസം: സുരക്ഷ ശക്തമാക്കാൻ കൈകോർത്ത് ടൂറിസം മന്ത്രാലയവും സി.ഡി.എ.എയും

മസ്‌കറ്റ്: ഒമാനിലെ സാഹസിക ടൂറിസം മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പൈതൃക-ടൂറിസം മന്ത്രാലയവും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (CDAA) സഹകരണ പരിപാടിയിൽ ഒപ്പുവച്ചു. സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തന ശേഷിയും അടിയന്തര പ്രതികരണ സംവിധാനങ്ങളും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രത്യേക രക്ഷാപ്രവർത്തന-ആംബുലൻസ് സേവനങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനൊപ്പം റിസ്‌ക് മാനേജ്‌മെന്റ് രീതികൾ ശക്തിപ്പെടുത്തുന്നതിനും പദ്ധതി പ്രാധാന്യം നൽകും. പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും.

പൈതൃക-ടൂറിസം മന്ത്രാലയ അണ്ടർസെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദിയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഡെപ്യൂട്ടി ചെയർമാൻ ബ്രിഗേഡിയർ ജനറൽ എൻജിനീയർ അലി ബിൻ സെയ്ഫ് അൽ മുഖ്ബലിയുമാണ് കരാറിൽ ഒപ്പുവച്ചത്. ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു.

സഹകരണ പദ്ധതിയുടെ ഭാഗമായി സാഹസിക ടൂറിസം മേഖലയിലെ ദേശീയ മാനവവിഭവശേഷിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക പരിശീലനം നൽകും. പ്രഥമശുശ്രൂഷ, പർവത രക്ഷാപ്രവർത്തനം, അടിയന്തര പ്രതികരണം, സുരക്ഷാ നടപടിക്രമങ്ങൾ തുടങ്ങിയ മേഖലകളിലാണ് പരിശീലനം സംഘടിപ്പിക്കുക.

ഒമാനിൽ സാഹസിക ടൂറിസം മേഖലയ്ക്ക് വർധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിൽ സന്ദർശകരുടെയും പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ കരാറിനെ വിലയിരുത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!