Sunday, June 21, 2026

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പുതിയ ബജറ്റ് അവതരിപ്പിച്ച് സർക്കാർ; എല്ലാ മേഖലയിലും വൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച്, പുതിയ ബജറ്റ് അവതരിപ്പിച്ച് സർക്കാർ . മുൻ ബജറ്റിലെ കണക്കുകളിലെ വീഴ്ചകൾ തിരുത്തി, ജനങ്ങൾക്ക് അധിക നികുതി ഭാരം ഏൽപ്പിക്കാതെ നികുതി സംവിധാനം കാര്യക്ഷമമാക്കാനും വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ബജറ്റ്.

മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടായതായി ചൂണ്ടിക്കാട്ടി. മുൻ സർക്കാർ പദ്ധതി ചെലവുകളിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെച്ചുവെന്ന വിമർശനവും ബജറ്റ് അവതരണത്തിൽ ഉയർന്നു. കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണെന്നും ബജറ്റ് വ്യക്തമാക്കുന്നു.

ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്കരണം, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ എന്നിവ നടപ്പിലാക്കിയാൽ സാമ്പത്തിക ബാധ്യത ഇനിയും ഉയരുമെന്ന് മുന്നറിയിപ്പും നൽകി. ധവളപത്രത്തിലെ കണ്ടെത്തലുകളും പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച ആഗോള സാമ്പത്തിക ആഘാതവും സംസ്ഥാനത്തിന്റെ ധനസ്ഥിതി ബാധിച്ചതായി ബജറ്റ് വിലയിരുത്തുന്നു.

സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നിട്ടും ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിലെ രണ്ട് പ്രധാന ഗ്യാരണ്ടികൾ സർക്കാർ നടപ്പിലാക്കിയതായി അറിയിച്ചു. ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരുടെ വേതന വർധനയും ബജറ്റിൽ പ്രഖ്യാപിച്ചു.

സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ബജറ്റ് ആമുഖത്തിൽ പരാമർശമുണ്ട്. യുവജനങ്ങളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും വയോജനങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുകയും ഖജനാവിലേക്ക് വരുമാനം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ ബജറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ വികസന പദ്ധതികൾക്കും സാമൂഹിക ക്ഷേമ നടപടികൾക്കും പ്രാധാന്യം നൽകിയിരിക്കുന്നുവെന്നും ബജറ്റ് വിശദീകരിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!