തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ആയുർവേദ കോളേജിന് സമീപമുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന. കൊച്ചിയിലെ ഇ ഡി ഓഫീസിൽ നടത്തിയ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകളും ലോക്കർ വിവരങ്ങളും പരിശോധിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയൻ നേരത്തെ നൽകിയ മൊഴിയിൽ, ഈ ബാങ്കിൽ സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാൻ ലോക്കർ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടരുന്നതെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.

പരിശോധന നടക്കുന്ന ബാങ്ക് പരിസരത്ത് അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നടന്ന ഒരു ഇ ഡി റെയ്ഡിനിടെ ഉണ്ടായ ആക്രമണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സേനാംഗങ്ങളെയും സുരക്ഷയ്ക്ക് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്കും പരിശോധനയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
ഇതിനിടെ, കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഏകദേശം 9 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം എഴുത്തുപരമായ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ രേഖപ്പെടുത്തിയാണ് വീണാ മൊഴി നൽകിയത്. തുടർന്ന് മൊഴി വായിച്ചുകേട്ട ശേഷമാണ് അവർ ഓഫീസിൽ നിന്ന് മടങ്ങിയത്.
