Friday, June 19, 2026

‘ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം നല്‍കണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകന്‍

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി സിജെപി (സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്) സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ ഗുരുതരമായ പരാജയങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

‘ഏറെ ഭാരമേറിയ ഹൃദയവുമായാണ് ഞാന്‍ ഈ കത്തെഴുതുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്ക് തന്നെ ഭീഷണിയാവുന്ന, ഉയര്‍ന്നുവരുന്ന വലിയൊരു പ്രതിസന്ധിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അത് നമ്മുടെ യുവാക്കളായ വിദ്യാര്‍ത്ഥികളുടെ ജീവിതവും അവരുടെ മാനസിക ക്ഷേമവുമാണ്,’ എന്ന് അഭിജിത് ദീപ്‌കെ കത്തില്‍ വ്യക്തമാക്കുന്നു. പല മാതാപിതാക്കളും തങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി വലിയ തുകകള്‍ ലോണെടുത്തും ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ ചെലവഴിച്ചുമാണ് അവരെ പഠിപ്പിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ അനിശ്ചിതത്വങ്ങളും കാരണം പ്രതീക്ഷകള്‍ തകര്‍ന്ന് കുഞ്ഞുങ്ങള്‍ ജീവനൊടുക്കുമ്പോള്‍ ആ കുടുംബങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരു കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് നഷ്ടപരിഹാരമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാത്രം രാജ്യത്ത് 11 വിദ്യാര്‍ത്ഥികളാണ് ചോദ്യപേപ്പര്‍ വിവാദങ്ങളെത്തുടര്‍ന്നുള്ള ആശങ്കയില്‍ ജീവനൊടുക്കിയത്. ഇതില്‍ അവസാനത്തെ 48 മണിക്കൂറിനുള്ളില്‍ മാത്രം അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വരാനിരിക്കുന്ന പുനഃപരീക്ഷകളെക്കുറിച്ചുള്ള അനിശ്ചിതത്വവും ഭാവിയെക്കുറിച്ചുള്ള ഭയവുമാണ് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം തീവ്രമാക്കുന്നത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ത്ഥികളുടെ ജീവന്‍ വച്ചാണ് പന്താടുന്നതെന്നും കത്തില്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!