Friday, June 19, 2026

ഷിക്കാഗോ- കെബെക് സിറ്റി പാസഞ്ചര്‍ റെയില്‍ ശൃംഖല അടിയന്തിരമായി നവീകരിക്കണം; രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്

ലണ്ടന്‍ ഒന്റാരിയോ: തെക്കുപടിഞ്ഞാറന്‍ ഒന്റാരിയോയിലെ പാസഞ്ചര്‍ റെയില്‍ ശൃംഖല അടിയന്തിരമായി നവീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികള്‍ രംഗത്ത്. ലണ്ടന്‍ മേയര്‍ ജോഷ് മോര്‍ഗന്റെ നേതൃത്വത്തില്‍ മേഖലയിലെ വിവിധ നഗരങ്ങളിലെ മേയര്‍മാരും അമേരിക്കയിലെ മിഷിഗണില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘവും ലണ്ടനില്‍ ഒത്തുചേര്‍ന്നാണ് കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്.

തെക്കുപടിഞ്ഞാറന്‍ ഒന്റാരിയോയിലെ പാസഞ്ചര്‍ റെയില്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നത് കാനഡയുടെ ദേശീയ അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍ഗണന നല്‍കേണ്ട കാര്യമാണെന്ന് ലണ്ടന്‍ മേയര്‍ ജോഷ് മോര്‍ഗന്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. നിലവില്‍ വിയാ റെയിലിന് (VIA Rail) മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ട്രെയിനുകള്‍ ഉണ്ടെങ്കിലും ട്രെയിന്‍ സിഗ്‌നലുകള്‍, ക്രോസിംഗുകള്‍ എന്നിവയിലെ പ്രശ്‌നങ്ങളും ചരക്ക് തീവണ്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്നതും കാരണം ഈ വേഗത കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന് ബ്രാന്റ്‌ഫോര്‍ഡ് മേയര്‍ കെവിന്‍ ഡേവിസ് ചൂണ്ടിക്കാട്ടി.

ടൊറന്റോ, തെക്കുപടിഞ്ഞാറന്‍ ഒന്റാരിയോ, വിന്‍സര്‍, ഡെട്രോയിറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ‘ഇന്റര്‍നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് റെയില്‍’ എന്ന സ്വപ്ന പദ്ധതിയെയാണ് ഈ കൂട്ടായ്മ പിന്തുണയ്ക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു:

ബജറ്റ് വിഹിതം: ഡെട്രോയിറ്റ്-വിന്‍സര്‍ അതിര്‍ത്തി കടന്നുള്ള ട്രെയിന്‍ സര്‍വീസിനായി ട്രാക്കുകള്‍ വികസിപ്പിക്കുന്നതിനും സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനും ഒരു സംയുക്ത ബോര്‍ഡര്‍ സെക്യൂരിറ്റി ഫെസിലിറ്റി സ്ഥാപിക്കുന്നതിനും 2026-ലെ ഫെഡറല്‍ ബജറ്റില്‍ തുക അനുവദിക്കുക.

വേഗതയേറിയ സര്‍വീസ്: ടൊറന്റോ, ഓക്വില്ലെ, ഹാമില്‍ട്ടണ്‍, ബ്രാന്റ്‌ഫോര്‍ഡ്, വുഡ്സ്റ്റോക്ക്, ലണ്ടന്‍, ചാത്തം-കെന്റ്, വിന്‍സര്‍ എന്നിവയെ ബന്ധിപ്പിച്ച് കൂടുതല്‍ വേഗതയേറിയതും വിശ്വസനീയവുമായ ട്രെയിന്‍ സര്‍വീസ് ഉറപ്പാക്കുക.

നിയമനിര്‍മ്മാണം: നിലവിലുള്ള റെയില്‍ പാതകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, പ്രത്യേക നിയമനിര്‍മ്മാണത്തിലൂടെ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ചരക്ക് തീവണ്ടികളേക്കാള്‍ മുന്‍ഗണന നല്‍കാനുള്ള സംവിധാനം ഒരുക്കുക.

കൃഷിഭൂമി സംരക്ഷണം: റെയില്‍ വികസനം നിലവിലുള്ള ഗതാഗത ഇടനാഴികളിലൂടെ മാത്രമായി പരിമിതപ്പെടുത്തി കൃഷിഭൂമിയും ഗ്രാമീണ മേഖലകളും സംരക്ഷിക്കുക.

ചരക്ക് തീവണ്ടികള്‍ക്ക് മാറി കിടക്കാന്‍ വലിയ സൈഡിംഗുകളും അധിക മെയിന്‍ ലൈന്‍ ട്രാക്കുകളും നിര്‍മ്മിച്ചാല്‍ മാത്രമേ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് വേഗത കുറയ്ക്കാതെ കടന്നുപോകാന്‍ സാധിക്കൂ എന്ന് മേയര്‍ മോര്‍ഗന്‍ പറഞ്ഞു. അതിര്‍ത്തിയിലെ റെയില്‍ സുരക്ഷാ കേന്ദ്രത്തിനായി മിഷിഗണ്‍ സംസ്ഥാനം ഇതിനകം തന്നെ 43 ദശലക്ഷം ഡോളര്‍ മാറ്റിവെച്ചിട്ടുണ്ടെന്നും, കാനഡ ഫെഡറല്‍ സര്‍ക്കാര്‍ 46 ദശലക്ഷം ഡോളര്‍ അനുവദിച്ച് പച്ചക്കൊടി കാട്ടിയാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും വിന്‍സര്‍ മേയര്‍ ഡ്രൂ ഡില്‍കെന്‍സ് വ്യക്തമാക്കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ റോജര്‍ വിക്ടറിയും ഡെമോക്രാറ്റിക് ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മറുടെ പ്രതിനിധിയും ഉള്‍പ്പെടുന്നതായിരുന്നു മിഷിഗണില്‍ നിന്നുള്ള സംഘം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇരുവിഭാഗവും ഈ വികസന പദ്ധതിയെ പിന്തുണയ്ക്കുന്നതായി സെനറ്റര്‍ റോജര്‍ വിക്ടറി പറഞ്ഞു. അമേരിക്കയിലെ ഡെട്രോയിറ്റ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നത് കാനഡയുടെ ‘ആള്‍ട്ടോ’ (Alto) അതിവേഗ റെയില്‍ പദ്ധതിക്ക് കൂടുതല്‍ യാത്രക്കാരെ നല്‍കുമെന്നും ജനപ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ടൊറന്റോ, ഓക്വില്‍ വുഡ്സ്റ്റോക്ക്, ചാത്തം-കെന്റ് എന്നീ നഗരങ്ങളും ഈ വികസന കൂട്ടായ്മയുടെ ഭാഗമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!