Friday, June 19, 2026

കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ആല്‍ബര്‍ട്ട ജനസംഖ്യയില്‍ വര്‍ധന: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

കാല്‍ഗറി: കാനഡയില്‍ കുടിയേറ്റ നിയമങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടും ആല്‍ബര്‍ട്ട പ്രവിശ്യയിലെ ജനസംഖ്യാ വര്‍ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ 1 വരെയുള്ള കണക്കനുസരിച്ച് ആല്‍ബര്‍ട്ടയിലെ ജനസംഖ്യ 5,057,077 (അമ്പത് ലക്ഷത്തിലധികം) ആയി ഉയര്‍ന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് 0.2 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അതേസമയം കാനഡയിലെ മറ്റ് വലിയ പ്രവിശ്യകളായ ബ്രിട്ടിഷ് കൊളംബിയ, ഒന്റാരിയോ, കെബെക്ക് എന്നിവടങ്ങളിലെ ജനസംഖ്യയില്‍ 0.2 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. കാനഡയിലെ വലിയ പ്രവിശ്യകളില്‍ ഒരൊറ്റ പാദത്തില്‍ പോലും ജനസംഖ്യ കുറയാത്ത ഏക പ്രവിശ്യ ആല്‍ബര്‍ട്ട മാത്രമാണെന്ന് നാഷണല്‍ ബാങ്ക് ഓഫ് കാനഡയുടെ ചീഫ് ഇക്കണോമിസ്റ്റ് സ്റ്റെഫാന്‍ മരിയോണ്‍ ചൂണ്ടിക്കാട്ടി. അതേസമയം, കാനഡയിലെ ആകെ ജനസംഖ്യ 0.1 ശതമാനം ഇടിഞ്ഞ് 41,417,056 ആയി കുറഞ്ഞു.

ആല്‍ബര്‍ട്ടയില്‍ ജനസംഖ്യ വളരുമ്പോഴും പ്രവിശ്യയിലേക്ക് എത്തുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 2026-ന്റെ ആദ്യ പാദത്തില്‍ പ്രവിശ്യയിലേക്ക് എത്തിയ സ്ഥിരതാമസക്കാരായ കുടിയേറ്റക്കാരുടെ എണ്ണം (11,139) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.2 ശതമാനം കുറഞ്ഞു. കൂടാതെ കനേഡിയന്‍ പൗരന്മാരോ സ്ഥിരതാമസക്കാരോ അല്ലാത്ത താല്‍ക്കാലിക താമസക്കാരുടെ (Non-permanent residents) എണ്ണത്തിലും 3.7 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

കുടിയേറ്റം കുറഞ്ഞിട്ടും ആല്‍ബര്‍ട്ടയിലെ ജനസംഖ്യ ഉയരാന്‍ കാരണം ‘ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷന്‍’ (Interprovincial migration) അഥവാ കാനഡയിലെ മറ്റ് പ്രശ്യകളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ ആല്‍ബര്‍ട്ടയിലേക്ക് മാറിത്താമസിക്കുന്നതാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയിലെ അനലിസ്റ്റ് സ്റ്റേസി ഹാള്‍മാന്‍ പറഞ്ഞു. മറ്റ് പ്രവിശ്യകളിലേക്ക് പോകുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ആല്‍ബര്‍ട്ടയിലേക്ക് വരുന്നുണ്ട്. മുന്‍ പ്രീമിയര്‍ ജേസണ്‍ കെന്നിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ആല്‍ബര്‍ട്ട ഈസ് കോളിങ്’ കാമ്പെയ്ന്‍ കാലം മുതല്‍ ഈ പ്രവണത ശക്തമാണ്.

ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളില്‍ പുതിയ കുടിയേറ്റക്കാര്‍ എത്തുന്നുണ്ടെങ്കിലും, അവിടെയുള്ള വിദേശ വിദ്യാര്‍ത്ഥികളും താല്‍ക്കാലിക തൊഴിലാളികളും വന്‍തോതില്‍ പ്രവിശ്യ വിട്ടുപോകുന്നതാണ് അവിടങ്ങളിലെ ജനസംഖ്യ കുറയാന്‍ കാരണം. എന്നാല്‍ ആല്‍ബര്‍ട്ടയില്‍ ഈ ഒഴുക്ക് സന്തുലിതമായി നിലനില്‍ക്കുന്നു. സമീപ വര്‍ഷങ്ങളിലെ റെക്കോര്‍ഡ് വളര്‍ച്ചയ്ക്ക് ശേഷം ആല്‍ബര്‍ട്ടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ അല്പം മന്ദഗതിയിലായിട്ടുണ്ടെന്നും, സ്ഥിതിഗതികള്‍ കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങുകയാണെന്നും ഹാള്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!