ഓട്ടവ: പുതിയ ‘പാരമ്പര്യ പൗരത്വ നിയമപ്രകാരം’ (Citizenship by Descent Law) പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ഏതാനും പേരോട് അവ അടിയന്തിരമായി തിരികെ നല്കാന് കാനഡ ഇമിഗ്രേഷന്‍ മന്ത്രാലയം (IRCC) ആവശ്യപ്പെട്ടത് വലിയ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും കാരണമാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് വിതരണം ചെയ്ത പൗരത്വ രേഖകളാണ് അധികൃതര്‍ ഇപ്പോള്‍ തിരിച്ചുചോദിക്കുന്നത്.
യുഎസിലെ കൊളറാഡോയില്‍ താമസിക്കുന്ന ആരോഗ്യ സൈക്കോളജിസ്റ്റായ ബ്രിഡ്ജറ്റ് ബര്‍ണറ്റും കുടുംബവും ഈ അപ്രതീക്ഷിത ഉത്തരവോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കനേഡിയന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ കൊളറാഡോയിലെ വീട് വില്‍ക്കുകയും ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ പുതിയ വീട് വാങ്ങുകയും ചെയ്തു. ജൂണ്‍ 24-ന് കാനഡയിലേക്ക് താമസം മാറാന്‍ ഇരിക്കെയാണ് സര്‍ട്ടിഫിക്കറ്റ് തിരികെ നല്കാന് ആവശ്യപ്പെട്ട് ഇവര്‍ക്ക് ഇമെയില്‍ ലഭിച്ചത്. ഇമിഗ്രേഷന്‍ വകുപ്പിലേക്ക് വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി നല്കാന് ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ബര്‍ണറ്റ് പറഞ്ഞു.

2025 ഡിസംബര്‍ 15-ന് പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം, നേരിട്ടുള്ള കനേഡിയന്‍ പാരമ്പര്യം തെളിയിക്കാന്‍ കഴിയുന്ന വിദേശത്തു ജനിച്ച വ്യക്തികള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അപേക്ഷകര്‍ സമര്‍പ്പിച്ച രേഖകളില്‍ കൃത്യത പോരെന്നാണ് ഇമിഗ്രേഷന്‍ വകുപ്പിന്റെ പുതിയ വാദം. വംശാവലി വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പൗരത്വം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും ഔദ്യോഗിക ആര്‍ക്കൈവുകളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റുകളോ മാമോദീസാ സര്‍ട്ടിഫിക്കറ്റുകളോ വേണമെന്നും ഇമിഗ്രേഷന്‍ മന്ത്രി ലെന ഡിയാബ് വ്യക്തമാക്കി.
പുതിയ നിബന്ധനകള്‍ വന്നതോടെ പ്രവിശ്യാ ആര്‍ക്കൈവുകളില്‍ രേഖകള്‍ക്കായുള്ള അപേക്ഷകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഒന്റാറിയോ ആര്‍ക്കൈവ്സില്‍ മാത്രം കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ 165 അപേക്ഷകള്‍ ലഭിച്ച സ്ഥാനത്ത്, 2026 മേയിലെത്തിയപ്പോള് അത് 1200 ആയി ഉയര്‍ന്നു. നിലവില്‍ നാലായിരത്തിലധികം ആളുകള്‍ക്ക് ഈ നിയമപ്രകാരം പൗരത്വം ലഭിച്ചിട്ടുണ്ടെങ്കിലും, ഏകദേശം 82,000 അപേക്ഷകള്‍ ഇപ്പോഴും തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്.
സര്‍ക്കാരിന്റെ ഈ പെട്ടെന്നുള്ള നടപടി ജനങ്ങളുടെ ജീവിതത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്നതാണെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ വ്യക്തമായ ഒരു പഠനം നടത്തി വരികയാണെന്നും ബാധിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്നും ഇമിഗ്രേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും, ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം മാറാനിരിക്കുന്ന ബര്ണറ്റിനെപ്പോലെയുള്ള നൂറുകണക്കിന് ആളുകള്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്.
