മണ്‍ട്രിയോള്‍: കെബെക്കില്‍ ഫ്രഞ്ച് ഭാഷാ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. പ്രവിശ്യയിലെ ഭാഷാ നിരീക്ഷകരായ ‘ഓഫീസ് കെബെക്കോയിസ് ഡി ലാ ലാംഗ് ഫ്രാന്‍സൈസ്’ (OQLF) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍ 1 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 11,125 പരാതികളാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പരാതികളില്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.
ഫ്രഞ്ച് ഭാഷയില്‍ ജോലി ചെയ്യാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ ലഭിക്കാനുമുള്ള തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കെബെക്കുകാര് കൂടുതല്‍ ബോധവാന്മാരാകുന്നതിന്റെ തെളിവാണ് ഈ വര്ധനെയന്ന് ഒ.ക്യു.എല്‍.എഫ് പ്രസ്താവനയില്‍ പറഞ്ഞു. ലഭിച്ച പരാതികളില്‍ പകുതിയിലധികവും (51 ശതമാനം) വാണിജ്യ മേഖലകളില്‍ ഇംഗ്ലീഷിന്റെ ഉപയോഗം കൂടുതലുള്ള മോണ്ട്രിയല് മേഖലയില്‍ നിന്നുള്ളതാണ്.

പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പ്രധാന പരാതികള്‍ ഇവയാണ്:
സേവനങ്ങളിലെ ഭാഷ (35%): സ്ഥാപനങ്ങളില്‍ നിന്ന് ഫ്രഞ്ച് ഭാഷയില്‍ സേവനം ലഭിക്കാത്തത്.
ബിസിനസ് ആശയവിനിമയങ്ങള്‍ (33%): വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും ഫ്രഞ്ച് ഭാഷയ്ക്ക് മുന്‍ഗണന നല്‍കാത്തത്.
പരസ്യ ബോര്‍ഡുകള്‍ (16%): കടകളുടെയും മറ്റും ബോര്‍ഡുകളില്‍ ഫ്രഞ്ച് നിയമങ്ങള്‍ പാലിക്കാത്തത്.
ഉല്‍പ്പന്നങ്ങളിലെ വിവരങ്ങള്‍ (6%): കവറുകളിലും പാക്കറ്റുകളിലും ഫ്രഞ്ച് വിവരണം ഇല്ലാത്തത്.
ജോലിസ്ഥലത്തെ ഭാഷ (5%): ഫ്രഞ്ച് ഭാഷയില്‍ ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത്.
പ്രവിശ്യാ ഭാഷാ നിയമങ്ങള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ ലഭിച്ച ഈ പരാതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
