കൊച്ചി∙ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് കേസെടുത്തു. ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. സുഹൃത്തുക്കളുടെ നഗ്നവിഡിയോ ഇയാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായി എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി.

പരാതിയിൽ, തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഉത്തരവിട്ടിരുന്നു. പോക്സോ കേസുകൾ, നർകോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
തൊപ്പിയും സുഹൃത്തുക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനു പിന്നാലെയാണ് സുഹൃത്തുക്കളുടെ വിഡിയോ തൊപ്പി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്തത്. തന്റെ വീട്ടിൽ സുഹൃത്തുകൾ ലഹരിമരുന്ന് കൊണ്ടുവന്നെന്നും തൊപ്പി ആരോപിച്ചു. ഇതിനു പിന്നാലെ തൊപ്പി പെൺകുട്ടികളോട് ലൈംഗിക ചൂഷണം നടത്തിയെന്നും പിന്നീട് പണം നൽകി ഇത് ഒതുക്കിത്തീർത്തെന്നും സുഹൃത്ത് ആരോപിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളോടുവരെ തൊപ്പി ലൈംഗികാതിക്രമം നടത്തിയെന്ന് സുഹൃത്തുക്കൾ വിഡിയോയിൽ ആരോപിക്കുന്നുണ്ട്.
തൊപ്പിയുടെ മുറിയിൽനിന്ന് കഞ്ചാവ് പുറത്തെടുക്കുന്ന വിഡിയോയും സുഹൃത്ത് ഷമീർ പുറത്തുവിട്ടിരുന്നു. പരസ്പരം ആരോപണങ്ങളുന്നയിച്ചു കൊണ്ടുള്ള തൊപ്പിയുടെയും കൂട്ടരുടെയും ലൈവ് വിഡിയോകൾ പരിധി വിട്ടതോടെയാണ് ശ്രീജിത്ത് പെരുമന പരാതി നൽകിയത്. ലക്ഷക്കണക്കിന് കുട്ടികളാണ് തൊപ്പിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്.
