Monday, June 22, 2026

വാട്സ്ആപ്പിനെ നയിക്കാന്‍ ഇന്ത്യക്കാരന്‍; പുതിയ മേധാവിയായി ‘ക്രെഡ്’ സ്ഥാപകന്‍ കുനാല്‍ ഷാ

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ‘ക്രെഡിന്റെ’ (CRED) സ്ഥാപകന്‍ കുനാല്‍ ഷാ വാട്‌സ്ആപ്പിന്റെ പുതിയ ആഗോള മേധാവിയാകും. ആഗോള സാങ്കേതികവിദ്യാ രംഗത്ത് ഒരു ഇന്ത്യന്‍ സംരംഭകന്‍ കൈവരിക്കുന്ന ഏറ്റവും ശ്രദ്ധേയവും ചരിത്രപരവുമായ നേതൃമാറ്റങ്ങളില്‍ ഒന്നാണിത്. 2019 മുതല്‍ വാട്‌സ്ആപ്പിനെ വിജയകരമായി നയിച്ചിരുന്ന വില്‍ കാത്കാര്‍ട്ടിന് പകരക്കാരനായാണ് കുനാല്‍ ഷാ ഈ ഉന്നത പദവിയിലെത്തുന്നത്.

ക്രെഡില്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ (Meta) നടത്തിയ വന്‍ നിക്ഷേപമാണ് ഈ സുപ്രധാന നിയമനത്തിന് വഴിതെളിച്ചത്. ക്രെഡിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ട് ഏകദേശം 8,550 കോടി രൂപയാണ് മെറ്റ കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. കേവലമൊരു മെസേജിങ് ആപ്പ് എന്നതിലുപരിയായി വാട്‌സ്ആപ്പ് വലിയൊരു ആഗോള ബിസിനസ് വളര്‍ച്ച കൈവരിക്കുന്ന ഘട്ടത്തിലാണ് ഈ ചുവടുവെപ്പ്. നിലവില്‍ ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ്, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, ബിസിനസ് മെസേജിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഫീച്ചറുകള്‍ എന്നിവയിലൂടെ പുതിയൊരു വാണിജ്യ തലത്തിലേക്ക് കടക്കുകയാണ്.

ഒരു മികച്ച സ്ഥാപകന്‍ എന്ന നിലയിലും ‘പ്രൊഡക്റ്റ് ബില്‍ഡര്‍’ എന്ന നിലയിലുമുള്ള കുനാല്‍ ഷായുടെ ദീര്‍ഘകാല പരിചയസമ്പത്ത് വാട്‌സ്ആപ്പിന്റെ ഭാവി നീക്കങ്ങള്‍ക്ക് വലിയ കരുത്തേകുമെന്നാണ് മെറ്റ വിശ്വസിക്കുന്നത്. കൂടാതെ, അദ്ദേഹം ഒരു ഇന്ത്യക്കാരനാണ് എന്നതും മെറ്റ ഏറെ അനുകൂല ഘടകമായി കാണുന്നു. നിലവില്‍ വാട്‌സ്ആപ്പിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആപ്പിന്റെ ഡിജിറ്റല്‍ പേയ്‌മെന്റുകളിലും ആഗോള ബിസിനസ് തന്ത്രങ്ങളിലും ഇന്ത്യക്ക് നിര്‍ണായക പങ്കുണ്ട്.

കുനാല്‍ ഷായുടെ സംരംഭകത്വ മികവിനെ പ്രശംസിച്ചുകൊണ്ട് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കമ്പനികളിലൊന്നായി കുനാല്‍ ക്രെഡിനെ വളര്‍ത്തിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിംഗ് ആപ്പ് നയിക്കുന്നതിന് ആവശ്യമായ മികച്ച ബില്‍ഡര്‍ മനോഭാവവും ആഗോള കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടെന്നും, കോടിക്കണക്കിന് ആളുകള്‍ക്കും ബിസിനസുകള്‍ക്കും വാട്‌സാപ്പിനെ ഏറ്റവും മികച്ച സേവനമാക്കി മാറ്റാന്‍ കുനാലിന്റെ വരവിലൂടെ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!